മലപ്പുറം: 14 വർഷമായി ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ പത്തനംതിട്ടയിലെ അദ്ധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഡിഇഒ, എഇഒ ഇവരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ്. ഇവർക്ക് ഭരണപരിചയം കുറവാണ്. അത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തെ സ്വന്തം അനുഭവമാണ്. പറഞ്ഞാൽ വിവാദമാകുമെന്ന് അറിയാം. എന്നാലും കുഴപ്പമില്ല. ഡിഇഒ, എഇഒ എന്നിവർക്ക് ഭരണപരിശീലനം കാര്യമായി നൽകേണ്ട അവസ്ഥയാണ്. അദ്ധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം ദൗർഭാഗ്യകരമാണ്. മന്ത്രി പറഞ്ഞിട്ടും ഉത്തരവ് ഇറക്കിയിട്ടും അവരെ ഓഫീസ് കയറ്റി ഇറക്കി പ്രയാസപ്പെടുത്തി. ഓരോ ഫയലും ജീവിതം എന്നത് ഉദ്യോഗസ്ഥർ ഓർക്കണം. ഉദ്യോഗസ്ഥർക്കെതിരായ സസ്‌പെൻഷൻ സാധാരണ നടപടി മാത്രമാണ്. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ പിരിച്ചു വിടും. അത് ആലോചനയിൽ ഉണ്ട്- മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കോടതി ഉത്തരവുണ്ടായിട്ടും അദ്ധ്യാപികയുടെ ശമ്പളം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നാണ് അത്തിക്കയം വടക്കേചരുവിൽ വി.ടി ഷിജോ ഞായറാഴ്ച വീടിന് ഒന്നരക്കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ തൂങ്ങിമരിച്ചത്. ഭാര്യ ലേഖ രവീന്ദ്രൻ നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അദ്ധ്യാപികയാണ്.
ലേഖയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല. ഡിവിഷൻ ഫാൾ ഭയന്ന് മുമ്പുണ്ടായിരുന്ന അദ്ധ്യാപിക ബി.ആർ.സിയിലേക്ക് മാറിയിരുന്നു. പകരം നിയമനം ലഭിച്ച ലേഖയുടെ ശമ്പളം നിയമക്കുരുക്കിൽപ്പെട്ടു. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ ഉത്തരവിട്ടിരുന്നു. എന്നിട്ടും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ശമ്പള രേഖകൾ ശരിയാക്കാത്തതിനെ തുടർന്ന് ഇവർ വകുപ്പു മന്ത്രിയെ പല തവണ സമീപിച്ചിരുന്നു. ശമ്പളം നൽകാനുള്ള രേഖകൾ ശരിയാക്കി നൽകാൻ മന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതാണ്. എന്നാൽ, ഉദ്യോഗസ്ഥർ ഇതിന് തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
മകന്റെ എൻജിനീയറിംഗ് പ്രവേശനത്തിന് ഭാര്യയുടെ ശമ്പളക്കുടിശികയായി ലഭിക്കുന്ന പണം നൽകാനിരുന്നതാണ് ഷിജോ. സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളേജ് പ്രവേശനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു ഷിജോയെന്ന് പിതാവ് ത്യാഗരാജൻ പറഞ്ഞു . വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ത്യാഗരാജനുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗമായ ത്യാഗരാജന്റേത് സിപിഎം കുടുംബമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |