തിരുവനന്തപുരം: അനശ്വര നടൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന് (70) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ട് അഞ്ചിന് പാളയം മുസ്ലിം ജമാഅത്ത് ഖബർ സ്ഥാനിൽ കബറടക്കി. സിനിമ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വൃക്കരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ പത്തരയ്ക്ക് വഴുതക്കാട്ടെ വസതിയായ കോർഡോൺ ട്രിനിറ്റി 2 ബിയിൽ ഭൗതികശരീരം പൊതുദർശനത്തിനുവച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ, സി.പി.എം നേതാവ് ഇ.പി. ജയരാജൻ, മുൻമന്ത്രി വി.എസ് ശിവകുമാർ, എം.എൽ.എമാരായ വി.ജോയി, വി.ശശി, വി.കെ. പ്രശാന്ത്, എം.വിൻസെന്റ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു, സാംസ്കാരിക ക്ഷേമനിധി ചെയർമാൻ മധുപാൽ, സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, കെ.എസ്.ശബരീനാഥ്, മാങ്കോട് രാധാകൃഷ്ണൻ, മണിയൻപിള്ള രാജു, കാർത്തിക, കുക്കുപരമേശ്വരൻ, ജലജ, സംവിധായകൻ രാജസേനൻ, പ്രൊഫ. അലിയാർ,നന്ദു, ഭാഗ്യലക്ഷ്മി, ഭീമൻരഘു, അപ്പഹാജ, ഷോബി തിലകൻ, ദേവൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പുഷ്പചക്രം അർപ്പിച്ചു.
മലയാളത്തിലും തമിഴിലുമായി അൻപതിലേറെ ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ ആണ് ആദ്യ ചിത്രം. പ്രേംനസീറിന്റെ സഹോദരീ പുത്രി ആയിഷ ബീവിയാണ് ഭാര്യ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. ഷാനവാസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |