ഓവലിലെ വിജയത്തോടെ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കാൻ കഴിഞ്ഞത് ഏറ്റവും കൂടുതൽ ആശ്വാസം പകരുന്നത് ഇന്ത്യൻ ഹെഡ് കോച്ച് ഗംഭീറിനാണ്. ഈ പരമ്പരയും കൂടി കൈവിട്ടിരുന്നെങ്കിൽ കോച്ച് സ്ഥാനത്തുനിന്നുതന്നെ ഒരു പക്ഷേ ഗംഭീറിന് പടിയിറങ്ങേണ്ടിവന്നേനേ.
ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാക്കിയ കോച്ചെന്ന ലേബലുണ്ടായിട്ടുകൂടി ഇംഗ്ളണ്ട് പര്യടനം ഗംഭീറിന്റെ ആസിഡ് ടെസ്റ്റായിരുന്നു. അതിന് കാരണം ഇതിനുമുമ്പ് നടന്ന രണ്ട് പരമ്പരകളിലെ ഇന്ത്യയുടെ മോശം പ്രകടനവും സീനിയർ താരങ്ങൾ ടെസ്റ്റ് ഫോർമാറ്റ് തന്നെ മതിയാക്കിയതുമായിരുന്നു. ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ തുടർച്ചയായി മൂന്നുടെസ്റ്റുകൾ തോറ്റപ്പോൾ തന്നെ ഗംഭീറിനെതിരെ വിമർശനങ്ങൾ ഉയർന്നുതുടങ്ങിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലെ 3-1ന്റെ തോൽവികൂടിയായപ്പോൾ കുറ്റപ്പെടുത്തലുകൾക്ക് ശക്തികൂടി. ഓസ്ട്രേലിയൻ പര്യടനത്തിനിടെ അശ്വിൻ വിരമിച്ചത് ഗംഭീറുമായി ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണെന്നും പരാതികളുണ്ടായിരുന്നു.
എന്നിട്ടും സ്ഥാനത്തുതുടർന്ന ഗംഭീർ ചാമ്പ്യൻസ് ട്രോഫി നേട്ടത്തോടെ അൽപ്പം ഗ്ളാമർ തിരിച്ചുപിടിച്ചു. പക്ഷേ അതിന് പിന്നാലെയാണ് മേയ് ഏഴിന് രോഹിത് ശർമ്മയും 12ന് വിരാടും ടെസ്റ്റിൽ നിന്ന് വിരമിച്ചത്. സീനിയർ താരങ്ങളെ തനിക്ക് വേണ്ടെന്നും ജൂനിയർ താരങ്ങളെവച്ച് മുന്നോട്ടുപോകാനാണ് താത്പര്യമെന്നും സെലക്‌ടർമാരോട് കൃത്യമായി നിലപാടെടുത്ത ഗംഭീർ ഇംഗ്ളണ്ടിലേക്ക് നായകനായി ശുഭ്മാൻ ഗില്ലിനെ വേണമെന്നും നിർബന്ധം പിടിച്ചു. ജസ്പ്രീത് ബുംറയും കെ.എൽ രാഹുലും റിഷഭ് പന്തും സീനിയോറിറ്റികൊണ്ട് ക്യാപ്ടൻസിയിലേക്കുള്ള ചോയ്സുകളായിരുന്നെങ്കിലും താൻ പറയുന്നത് കേൾക്കുന്ന ആൾ മതിയെന്ന ഗംഭീറിന്റെ ശാഠ്യം അവരുടെ വഴികളടച്ചു.ടീം സെലക്ഷനിലും കൃത്യമായ നിലപാടുകളാണ് ഗംഭീർ സ്വീകരിച്ചത്.
ഓവലിൽ അവസാന ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ 3-1ന്റെ തോൽവിക്കുള്ള സാദ്ധ്യത വായ തുറന്നിരിപ്പുണ്ടായിരുന്നു. ഗംഭീറിന് മുന്നിൽ പുറത്തേക്കുള്ള വാതിലും തുറന്നിരിപ്പുണ്ടായിരുന്നു. ആ ടെൻഷനിലാണ് ഗംഭീറെന്ന് മത്സരത്തിന് മുമ്പ് പിച്ച് പരിശോധിക്കാനെത്തിയപ്പോൾ ക്യുറേറ്ററുമായുണ്ടായ വാക്കേറ്റത്തിലൂടെ തെളിഞ്ഞു. മത്സരം വിജയിച്ച് പരമ്പര സമനിലയിലായപ്പോൾ ഇന്ത്യൻ ഡ്രെസിംഗ് റൂമിൽ ഏറ്റവും ആവേശം കാട്ടിയതും ഗംഭീറാണ്. ഏതായാലും ഈ പര്യടനത്തോടെ തത്കാലത്തേക്ക് ഗംഭീറിന്റെ സ്ഥാനം സുരക്ഷിതമാണ്. വരാനിരിക്കുന്ന ഏഷ്യാകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങളും പക്ഷേ നിർണായകമാകും. ഇതുവരെ ഇന്ത്യയ്ക്ക് നേടാൻ കഴിയാത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് ഗംഭീറിന്റെ ഉരകല്ലെന്ന് ഉറപ്പാണ്.
കോച്ചിംഗ് ഗ്രാഫ്
15 ടെസ്റ്റ് മത്സരങ്ങളിലാണ് ഗംഭീർ ഇന്ത്യൻ കോച്ചായത്.
5 മത്സരങ്ങളിലാണ് വിജയം നേടാനായത്.
8 മത്സരങ്ങളിൽ തോൽവി.
2മത്സരങ്ങളിൽ സമനില
2024 ജൂലായ്‌യിൽ ഗംഭീർ സ്ഥാനമേൽക്കുമ്പോൾ ഇന്ത്യ ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു.ഇപ്പോൾ നാലാം സ്ഥാനത്ത്.
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഫൈനലിലെത്താനായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |