ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ സംഭവിച്ച മേഘവിസ്‌ഫോടന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. മഴയ്ക്ക് പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞ് ഗ്രാമത്തെ വിറപ്പിച്ച് ചീറിപ്പാഞ്ഞടുത്ത വെള്ളപ്പാച്ചിൽ മുന്നിൽ കണ്ടതിനെയെല്ലാം തുടച്ചുനീക്കി. വെള്ളത്തിന്റെ ശക്തിയിൽ ഒന്നിനുപിറകേ ഒന്നായി കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങളിൽ പുറത്തുവന്നു.
കണ്ണടച്ചുതുറക്കും മുമ്പ് ഒരു പ്രദേശം ഇല്ലാതായി. എല്ലാം മണ്ണിനടിയിൽ. ഗംഗോത്രി തീർത്ഥാടനകേന്ദ്രത്തിലേക്കുള്ള വഴിയിലുള്ള ധരാലി ഗ്രാമം അതോടെ ഇല്ലാതായി. വൻ ഹോട്ടലുകളുൾപ്പെടെ 25 ഓളം കെട്ടിടങ്ങൾ തകർന്നടിഞ്ഞ് ഒലിച്ചുപോയി. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. ദുരന്തത്തിൽ എത്ര പേർ അകപ്പെട്ടെന്ന് ഒരു തിട്ടവുമില്ല. പത്തും ഇരുപതും അടി ഉയരത്തിൽ മണ്ണ് മൂടിയ നിലയിലാണ്. എത്ര ജീവനുകൾ ഇതിൽ പെട്ടെന്ന് ആർക്കുമറിയില്ല.
ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ വൻ ശബ്ദം കേട്ടാണ് പലരും ഇറങ്ങിയോടിയത്. ഒന്നു ചിന്തിക്കും മുമ്പേ വെള്ളവും ചെളിയും പാറകളും പാഞ്ഞടുത്തു. പലരും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മലവെള്ളപ്പാച്ചിൽ അവരെ വിഴുങ്ങി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ദൃശ്യങ്ങളിൽ ചിലർ വാഹനങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഓടുന്നതും കാണാം. എന്നാൽ നിമിഷങ്ങൾക്കകം മൂടിപ്പോയി.
ഗംഗോത്രി ധാമിലേക്ക് റോഡ് മാർഗം എത്തിച്ചേരാൻ നിവൃത്തിയില്ല. വ്യോമമാർഗം മാത്രമേ അവിടെ എത്തിച്ചേരാൻ സാദ്ധിക്കു. നിരവധി പേർ കുടുങ്ങിക്കിടക്കാനും സാദ്ധ്യതയുണ്ട്. അവർക്കായി സൈന്യമുൾപ്പെടെ തെരച്ചിൽ നടത്തുകയാണ്.
ഒരിക്കൽ വീടുകൾ നിന്ന സ്ഥാനത്ത് ഇന്ന് എല്ലാം തകർന്നടിഞ്ഞ് ചെളിയിൽ പുതഞ്ഞുകിടക്കുന്നു. ആളുകൾ ഭയന്ന് നിലവിളിക്കുന്നു. ശാന്തസുന്ദരമായ ധരാലി ഗ്രാമം പ്രേത ഭൂമിയ്ക്ക് സമാനമായി. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോം സ്റ്റേകളുമാണ് ദുരന്തത്തിൽ തകർന്നത്. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
കെട്ടിടങ്ങൾ, വാഹനങ്ങൾ, മരങ്ങൾ എന്നിവ വെള്ളത്തിൽ ഒഴുകിപ്പോയി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ജനങ്ങൾ ഭയപ്പെടുന്നു. ഇന്ത്യൻ സൈന്യവും സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അഞ്ച് ദേശീയ പാതകൾ, ഏഴ് സംസ്ഥാന പാതകൾ, സംസ്ഥാനത്തുടനീളമുള്ള രണ്ട് അതിർത്തി റോഡുകൾ എന്നിവയുൾപ്പെടെ 163 റോഡുകളിൽ മണ്ണിടിച്ചിലിൽ മൂലം ഗതാഗതം തടസപ്പെട്ടു. ഇത് രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകളും വിന്യസിക്കാനും തടസമുണ്ട്.
ജനങ്ങൾക്ക് സഹായം നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ, ദുരിതബാധിതരെ സഹായിക്കാൻ ഏഴ് രക്ഷാ സംഘങ്ങളെ അയയ്ക്കാൻ ഉത്തരവിട്ടു. വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് കേന്ദ്രവും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂട്ടിച്ചേർത്തു.
സ്ഥിതി വിലയിരുത്തി
പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവും നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് മോദി വ്യക്തമാക്കി. ദു:ഖകരവും ആശങ്കയുണ്ടാക്കുന്നതുമായ ദുരന്തമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |