കൊച്ചി: ദമ്പതികൾ അറസ്റ്റിലായ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്. പ്രതിയായ ചാവക്കാട് സ്വദേശിനിയുടെ പരാതിയിൽ ഹണിട്രാപ്പ് കേസിലെ ഇരയായ കൊച്ചി ലിറ്റ്മസ് സെവൻ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒ വേണു ഗോപാലകൃഷ്ണനെതിരെ ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണിത്. വേണു ഗോപാലകൃഷ്ണനും സ്ഥാപനത്തിലെ മൂന്ന് പേർക്കുമെതിരെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്.
വേണുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന യുവതിയും ഭർത്താവുമാണ് ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത്. എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. പിന്നാലെ ഇവർ വേണുവിനെതിരെ പരാതിപ്പെടുകയായിരുന്നു.
ജൂലായ് അവസാനമാണ് ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ദമ്പതികൾ പിടയിലായത്. വ്യാജമായുണ്ടാക്കിയ രഹസ്യ ചാറ്റുകൾ പുറത്തു വിടുമെന്നും പീഡിപ്പിച്ചെന്ന് പറഞ്ഞുപരത്തുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികളിൽ നിന്ന് 10 കോടി രൂപയുടെ 2 ചെക്കുകളും സെൻട്രൽ പൊലീസ് പിടിച്ചെടുത്തിരുന്നു.
അതേസമയം, ജോലിസ്ഥലത്ത് നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി നൽകുമെന്ന് വേണു ഗോപാലകൃഷ്ണനെ അറിയിച്ച ശേഷമാണ് തന്നെയും ഭർത്താവിനെയും കേസിൽ കുടുക്കിയതെന്ന് യുവതി പറയുന്നു. ഒരു വർഷത്തിലധികം താൻ തൊഴിലിടത്തിലും പുറത്തും ലൈംഗിക ഉപദ്രവം നേരിട്ടെന്നും യുവതി മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.
യുവതിയുടെ വെളിപ്പെടുത്തൽ
സി.ഇ.ഒ അമേരിക്കയിൽ അവധിയാഘോഷിക്കാൻ പോയ സമയത്ത് സെക്‌സ് ചാറ്റ് നടത്തണമെന്നാവശ്യപ്പെട്ട് സന്ദേശം അയച്ചു. അശ്ലീല വീഡിയോകളും ഫോട്ടോകളും കൈമാറി. തുടക്കം മുതൽ ഇതിനെ എതിർത്തു. ഔദ്യോഗിക ആവശ്യത്തിനായുള്ള യാത്രകളിൽ പലപ്പോഴും മോശമായി പെരുമാറി. സിംഗപ്പൂരിൽ വച്ച് ഹോട്ടലിന്റെ വാതിലിൽ പല തവണ മുട്ടി. വാതിൽ തുറന്നില്ല. കമ്പനിയിൽ നിന്നുള്ളവരുമായുള്ള യാത്രയിൽ മറ്റു യുവതികളുമായി കിടക്കപങ്കിടാൻ നിർബന്ധിച്ചു. സിംഗപ്പൂർ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം തന്നെ കാബിനിലിരുത്താതെ പുറത്തേക്ക് മാറ്റി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ എല്ലാം തന്റെ പക്കലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |