പഞ്ഞമാസം എന്നാണ് കർക്കടക മാസത്തെ പണ്ടുകാലം മുതൽ പറയാറുള്ളത്. കൃഷിയുടെ ഇടവേളയുള്ള ഈ സമയം നാട്ടിൽ കനത്ത മഴയുടെ കാലമാണ്. അതിനാൽ ജോലിയില്ലാതെ മനുഷ്യർ ബുദ്ധിമുട്ടുന്ന സമയമായിരുന്നു പണ്ട്. ഈ കാലത്തെ ആധികളും വ്യാധികളും അകറ്റാൻ പണ്ട് ഉത്തര മലബാറിൽ നിലവിൽ വന്ന ഒരു തെയ്യമാണ് ആടിവേടൻ തെയ്യം.
വീടുകളിൽ എത്തി തെയ്യം ആടുമ്പോൾ അവിടെയുള്ള ചേട്ടാ ഭഗവതിയെ അകറ്റി നല്ലകാലം വരും എന്നാണ് കണക്കാക്കപ്പെടുന്നത്. നാട്ടുവഴികളിലൂടെ മണിക്കിലുക്കത്തോടെ വരുന്ന ആടി, വേടൻ എന്നീ തെയ്യങ്ങളാണിവ. വീട്ടിലെത്തി കർക്കടക മാസത്തിൽ അവിടെയുള്ള ചേട്ടയെ മഞ്ഞളും മറ്റും കലക്കിയുള്ള ഗുരുസി തയ്യാറാക്കി വീട്ടുപരിസരത്ത് ഒഴിച്ചാണ് ആധിയെയും വ്യാധിയെയും അകറ്റുന്നത്. കുട്ടികളാണ് ആടിവേടൻ തെയ്യമായി വേഷം കെട്ടുന്നത്. വണ്ണാൻ സമുദായത്തിലെ കുട്ടികൾ ആദിയായും മലയ സമുദായത്തിലുള്ളവർ വേടനായും വേഷമിടുന്നു.
തെയ്യം ആടാതിരിക്കുന്ന ആറ് മാസത്തോളം കാലം ഉപജീവന മാർഗം കൂടിയാണ് ആടിവേടൻ തെയ്യം. വേടൻ തെയ്യം കർക്കടകം ഏഴ് മുതൽ ആടിത്തുടങ്ങുമ്പോൾ ആടി തെയ്യം കർക്കടകം 17 മുതലാണ് കെട്ടിത്തുടങ്ങുക. അർജ്ജുനനെ പരീക്ഷിച്ചശേഷം പാശുപതാസ്‌ത്രം നൽകി അനുഗ്രഹിക്കുന്ന കിരാത രൂപത്തിലുള്ള ശിവപാർവതിമാരാണ് ആടിവേടൻ തെയ്യം. ചടങ്ങുകഴിഞ്ഞ് വീടുകളിൽ നിന്നും മടങ്ങുമ്പോൾ അരിയും വെള്ളരിയും പണവും നൽകുന്നതാണ് ആചാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |