ജീവിതത്തിനും മനസിനും ബാധിച്ച ബുദ്ധിമുട്ടുകൾ അകറ്റാൻ പ്രാർത്ഥന വളരെ നല്ലതാണെന്നാണ് വിശ്വാസം. പ്രത്യേക ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോയി ഇഷ്‌ടപ്പെടുന്ന ഈശ്വരന്റെ ദർശനം നാമെല്ലാം പുണ്യമായി കാണുന്നു. എന്നാൽ ക്ഷേത്രത്തിനുള്ളിൽ കടന്നാൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് പലർക്കും അത്ര അറിവുണ്ടാകില്ല.നിഷ്‌കാമ ഭക്തിയോടെ ഒരു നിമിഷമെങ്കിലും പ്രാർത്ഥിക്കാനായാലാണ് സദ്‌ഫലം ലഭിക്കുകയെന്നാണ് ആചാര്യന്മാർ വ്യക്തമാക്കുന്നത്.
ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കടന്നാൽ നാം നേരെ കാണുന്നതാണല്ലോ ക്ഷേത്രനട. ഈ നടയുടെ നേരെമുന്നിൽ നിൽക്കുമ്പോൾ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് പലർക്കും ഉറപ്പുണ്ടാകില്ല. ദേവതയുടെ പ്രതിഷ്‌ഠയുടെ ഇരുവശങ്ങളിലായി വരുന്ന തരത്തിൽ വേണം ദർശനത്തിനെത്തുന്നവർ നിൽക്കേണ്ടത്. ശ്രീകോവിൽ ദർശനം മറ്റുള്ളവർക്ക് തടസപ്പെടുത്തുന്ന തരത്തിൽ മുന്നിൽ നിന്നാകരുത്. ഒരൽപം ഭവ്യതയോടെ താഴ്‌ന്നുനിന്ന് കൈകൂപ്പി വേണം ദേവനെ തൊഴാൻ. ഇത്തരത്തിൽ നിന്നാൽ അത് മറ്റുള്ളവർക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല അനുഗ്രഹവും ലഭിക്കും.
ക്ഷേത്രത്തിൽ വന്നുനിന്ന് പരിചയക്കാരുമായി വർത്തമാനം പറഞ്ഞുനിൽക്കുന്നതും മറ്റുള്ളവരെ കുറിച്ച് കാര്യങ്ങൾ പറയുന്നതും ഒഴിവാക്കണം. ക്ഷേത്രത്തിൽ എത്തിയാൽ നാമജപത്തിൽ മാത്രമാകണം ശ്രദ്ധ. പലരും ക്ഷേത്രനടയിൽ നിന്ന് തനിക്കറിയുന്ന ഈശ്വരനാമങ്ങൾ ഉറക്കെയുറക്കെ ഉരുവിടുന്നതും പതിവാണ്. ഇത് തെറ്റാണ്. ഈശ്വരമന്ത്രങ്ങൾ ജപിക്കുമ്പോൾ അത് മന്ത്രിക്കുക അഥവാ മെല്ലെ പറയുകയാകണം ചെയ്യേണ്ടത്. ഒപ്പമുള്ള ഒരാൾക്കുപോലും ശബ്‌ദകോലാഹലം ശല്യമാകരുത്. ഇത്തരത്തിൽ അടിസ്ഥാനപരമായ കാര്യങ്ങൾ ഏതൊരു ക്ഷേത്രദർശനം നടത്തുമ്പോഴും ഭക്തർ ശ്രദ്ധിക്കുന്നത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |