ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം നവവധു ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. 32കാരിയായ മധു സിംഗാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അനുരാഗ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് മധു സിംഗ് ക്രൂരപീഡനത്തിനിരയായിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അഞ്ച് മാസം മുൻപായിരുന്നു മധുവിന്റെയും അനുരാഗിന്റെയും വിവാഹം. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരുടെയും വിവാഹം നടന്നത്. അനുരാഗ് ഹോങ്കോംഗിലെ ഒരു ഷിപ്പ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ സെക്കൻഡ് ഓഫീസറായി ജോലി ചെയ്തിരുന്നു. ഇയാൾ സ്ത്രീധനമായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും മധുവിന്റെ കുടുംബം ആരോപിച്ചു. എന്നാൽ അഞ്ച് ലക്ഷം രൂപ മാത്രമേ നൽകാൻ കഴിയൂവെന്നാണ് കുടുംബം അന്ന് അറിയിച്ചത്. യുവാവ് ആവശ്യപ്പെട്ട സ്വർണം നൽകാൻ സാധിക്കില്ലെന്നും മധുവിന്റെ ബന്ധുക്കൾ വിവാഹത്തിന് മുൻപ് തന്നെ അറിയിച്ചിരുന്നു.
എന്നാൽ വിവാഹത്തിനുശേഷം അനുരാഗ് പലതവണ വിളിച്ച് സ്ത്രീധനത്തിനായി വാശിപിടിച്ചതായി മധുവിന്റെ പിതാവ് ഫത്തേ ബഹാദൂർ സിംഗ് പൊലീസിന് പരാതി നൽകി. കൂടുതൽ പണത്തിനായി അനുരാഗ് മകളെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പണം നൽകിയതിനുശേഷമാണ് യുവാവ് മധുവിനെ കൂട്ടിക്കൊണ്ടുപോയത്. എന്നിട്ടും അയാൾ മകളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പിതാവ് പൊലീസിനോട് പറഞ്ഞു.
മധുവിന്റെ സഹോദരി പ്രിയയും അനുരാഗിനെതിരെ മൊഴി നൽകിയിട്ടുണ്ട്. 'സഹോദരി ആരോടും സംസാരിക്കുന്നത് അനുരാഗിന് ഇഷ്ടമായിരുന്നില്ല. അയാൾ വീട്ടിൽ ഇല്ലാത്തപ്പോഴാണ് മധു വീട്ടിൽ വിളിക്കുന്നത്, അനുരാഗിനോടൊപ്പം മദ്യപിക്കാനും ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും അനുരാഗ് സഹോദരിയുടെ ഫോണും കോൾ റെക്കാഡുകളും പരിശോധിച്ചിരുന്നു. അനുരാഗിന് വിവാഹേതര ബന്ധമുണ്ടെന്നും മധു കണ്ടെത്തിയിരുന്നു. അടുത്തിടെ അയാൾ കാമുകിക്കൊപ്പം ഒരു ഹോട്ടലിൽ താമസിച്ചിരുന്നു'- പ്രിയ പറഞ്ഞു.
മകൾ ഗർഭിണിയായിരുന്നുവെന്നും ഗർഭഛിദ്രം ചെയ്യാൻ അനുരാഗ് നിർബന്ധിച്ചെന്നും പിതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണവിവരം കുടുംബം അറിഞ്ഞത് വൈകുന്നേരമായിരുന്നു. സംഭവ ദിവസം അനുരാഗ് വീട്ടുജോലിക്കാരിയോട് ജോലിക്ക് വരരുതെന്ന് പറഞ്ഞതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |