കോഴിക്കോട്ടെ സിനിമാപ്രേമികൾക്ക് നാളെ മുതൽ നാല് ദിവസം ഇനി ആഘോഷത്തിന്റെ നാളുകൾ. ലോക സിനിമയുടെ കാഴ്ചാനുഭവം ആസ്വാദകർക്ക് സമ്മാനിക്കാൻ മേഖലാ ചലച്ചിത്രോത്സവം നാളെ ആരംഭിക്കും. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സമകാലിക ലോകത്തെ അടയാളപ്പെടുത്തുന്ന 58 സിനിമകളുമായി റീജണൽ ഐ.എഫ്.എഫ്.കെ (മേഖലാ ചലചിത്രോത്സവം) കോഴിക്കോടെത്തുന്നത്. ഏറെ നാളത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് നഗരത്തിൽ മൂന്ന് തിയേറ്ററുകളിൽ വീണ്ടും ചലച്ചിത്രമേള സംഘടിപ്പിക്കാൻ അക്കാഡമി തയ്യാറായത്.
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയ്ക്ക് ആദ്യം തിരിതെളിഞ്ഞതും 1996ൽ കോഴിക്കോടാണ്. ലോക സിനിമയുടെ ശതാബ്ദി വർഷമായിരുന്നു അത്. അതിനാൽ നഗരത്തിലെ തിയേറ്ററുകളിൽ 100 സിനിമകൾ അന്ന് പ്രദർശിപ്പിച്ചു. അനേകം ഫിലിം സൊസെെറ്റികളുടെ ആസ്ഥാനം കൂടിയായിരുന്ന കോഴിക്കോട് നഗരത്തിൽ വലിയ സ്വീകാര്യത അന്നത്തെ ചലച്ചിത്രോത്സവത്തിന് ലഭിച്ചു. സിനിമാ സ്‌നേഹികളുടെയും സിനിമാ പ്രവർത്തകരുടെയും പ്രാതിനിദ്ധ്യവുംകൊണ്ട് വൻവിജയമായിരുന്നു ആ മേള.
കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനായിരുന്നു അന്നത്തെ സംഘാടകർ. 1998ൽ കേരള ചലച്ചിത്ര അക്കാഡമി രൂപീകരിച്ചതോടെ മേളയുടെ സ്ഥിരം വേദിയായി തിരുവനന്തപുരം മാറി. രാജ്യാന്തരമേള പിറവികൊണ്ട മണ്ണിൽ മേഖലാ ചലച്ചിത്രോത്സവം പോലുമില്ലാതായതോടെ സിനിമാപ്രേമികൾക്ക് തിരുവനന്തപുരത്തു ചെന്ന് സിനിമ കാണേണ്ട അവസ്ഥയായി. ഇത് സാധാരണക്കാരായ പ്രേക്ഷകർക്ക് വലിയ ചെലവും ദുരിതവുമാണ് ഉണ്ടാക്കിയത്.
2018-ലാണ് കോഴിക്കോട് അവസാനമായി മേഖലാ ചലച്ചിത്രോത്സവം നടന്നത്. അതിനുശേഷം, 2022-ൽ ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ വനിതാ ചലച്ചിത്രോത്സവം നടന്നു. തിയേറ്റർ സൗകര്യമില്ലെന്നു പറഞ്ഞാണ് ചലച്ചിത്രോത്സത്തിന്റെ വേദിയാകുന്നതിൽ നിന്ന് കോഴിക്കോടിനെ ഒഴിവാക്കിയിരുന്നത്. അതേസമയം അത്രപോലും തിയേറ്റർ സൗകര്യങ്ങളില്ലാത്ത മറ്റു നഗരങ്ങളിൽ പ്രാദേശിക മേളകൾ നടത്തിക്കൊണ്ടിരിക്കെയായിരുന്നു ഈ ന്യായീകരണം. തലശ്ശേരിയും തളിപ്പറമ്പുമൊക്കെ മേഖലാ ചലച്ചിത്രോത്സവത്തിന് വേദിയായിട്ടും കോഴിക്കോട് ഒഴിവാക്കപ്പെടുന്നതിൽ സിനിമാ ആസ്വാദകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയർന്നിരുന്നു.
നാല് ദിവസം,
58 സിനിമകൾ
ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് റീജിയണൽ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐ.എഫ് എഫ്.കെയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണിവ. ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴ്, മലയാളം സിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 ചിത്രങ്ങൾ എന്നിവ കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസാമീസ് ഭാഷകളിൽ നിന്ന് ഓരോന്നു വീതം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ മൂന്ന്, ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ അഞ്ച് എന്നിങ്ങനെയാണ് സിനിമകളുടെ തിരഞ്ഞെടുപ്പ്. ഇവ കൂടാതെ അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി 'അങ്കുർ' എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും. ഇന്ത്യൻ സമാന്തര സിനിമയിലെ ഒരു കാലത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ശബാന ആസ്മി, കഴിഞ്ഞ വർഷമാണ് തന്റെ അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയത്.
ഐ.എഫ്.എഫ്.കെയിൽ മത്സരവിഭാഗത്തിൽ മാറ്റുരച്ച പതിനാല് ചലച്ചിത്രങ്ങളും മേഖലാ ചലച്ചിത്രോത്സവത്തിലും പ്രദർശനത്തിനെത്തുന്നു എന്നത് ആസ്വാദകർക്ക് സന്തോഷവാർത്തയാണ്.
ഐ.എഫ്.എഫ്.കെ യിൽ മികച്ച സിനിമക്കുള്ള സുവർണ ചകോരം നേടിയ മാലൂ (ബ്രസീൽ), മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ഫർഷാദ് ഹാഷീമിയുടെ മീ, മറിയം, ദി ചിൽഡ്രൻ ആന്റ് 26 അദേഴ്സ് (ഇറാൻ), ഐ.എഫ്.എഫ്.കെ ഓഡിയൻസ് ജൂറി പുരസ്കാരം നേടിയ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഫ്രിപസി പുരസ്ക്കാരം നേടിയ വോക്കോ വാമനകയുടെ ഡെസർട്ട് ഓഫ് നമീബിയ, അഫ്ഗാൻ സംവിധായിക റോയാ സാദത്തിന്റെ സീമാസ് സോംഗ്, ബുസാൻ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ആസാമീസ് സംവിധായിക റീമാ ദാസിന്റെ പ്രദർശിപ്പിച്ച
വില്ലേജ് റോക്ക് സ്റ്റാർ 2, മലയാളി സംവിധായകൻ അഫ്‌റദ് വി.കെയുടെ റിപ്റ്റെഡ്, മലയാള സംവിധായിക ഇന്ദുലക്ഷ്മിയുടെ അപ്പുറം തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട്.
ചലച്ചിത്രോത്സവം വേണം, എല്ലാ വർഷവും
2022ൽ ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച വനിതാ ചലച്ചിത്ര മേളയാണ് കോഴിക്കോട് നഗരത്തിൽ അക്കാഡമി നടത്തിയ അവസാന പരിപാടി. അതിനുശേഷം അക്കാഡമിയുടെ മേളകൾക്കൊന്നും നഗരം വേദിയായില്ല. കേരളത്തിലെ ചലച്ചിത്രോത്സവം പിറവി കൊണ്ടത് കോഴിക്കോടാണ്. സിനിമാ പ്രേമികളുടെ ദീർഘനാളായുള്ള ആവശ്യങ്ങൾക്കാെടുവിലാണ് വീണ്ടും ചലച്ചിത്രോത്സവം കോഴിക്കോടേക്കെത്തുന്നത്. മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറവും ബാങ്ക് മെൻസ് ഫിലിം സൊസൈറ്റിയും ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. പരാതികളും പ്രതിഷേധങ്ങളും ഉയരുന്ന അവസരങ്ങളിൽ മാത്രം മേളകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് മാറി എല്ലാ വർഷവും രാജ്യാന്തരമേള സംഘടിപ്പിക്കണമെന്നാണ് ആസ്വാദകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |