ന്യൂഡൽഹി: തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷനായി എൻ ശക്തൻ തുടരണമെന്ന് ശശി തരൂർ എംപി. ശക്തനെ താൽക്കാലികമായി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫുമായി ചർച്ച ചെയ്തെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
വിവാദ ഫോൺ സംഭാഷണത്തെ തുടർന്നാണ് പാലോട് രവി അടുത്തിടെ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചത്. ഇതിനെ തുടർന്നാണ് ശക്തനെ ഈ സ്ഥാനത്തേക്ക് താത്കാലികമായി നിയമിച്ചത്. നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുളള ശക്തൻ ഈയൊരു ചെറിയ സ്ഥാനത്തിരിക്കാൻ വലിയ മനസ് കാണിച്ചു. അതുകൊണ്ട് ശക്തൻ തന്നെ തുടരട്ടെ എന്നാണ് ശശി തരൂരിന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റ് കോൺഗ്രസ് എംപിമാരുമായി ഡൽഹിയിലെ കേരള ഹൗസിൽ ചർച്ച നടത്തിയപ്പോൾ തരൂരിനെ വസതിയിൽ പോയി കാണുകയായിരുന്നു. പുനഃസംഘടനയ്‌ക്ക് ശശി തരൂർ പിന്തുണ അറിയിച്ചെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വം ശശി തരൂരിനോട് അകൽച്ച കാണിക്കുന്നതിനിടെയാണ് കെപിസിസി അദ്ധ്യക്ഷന്റെ നീക്കം. കെപിസിസിയുടെ പുതിയ ഭാരവാഹികളെയും ഡിസിസി അദ്ധ്യക്ഷന്മാരെയും സമവായത്തിലൂടെ തീരുമാനിക്കാനാണ് ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനും വർക്കിംഗ് പ്രസിഡന്റുമാരും ക്യാംപ് ചെയ്‌താണ് പട്ടികയ്‌ക്ക് രൂപം നൽകുന്നത്.
സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ കാര്യമായ അഭിപ്രായ ഭിന്നതയില്ലെന്നാണ് സൂചന. അതേസമയം, പാലക്കാട്, പത്തനംതിട്ട കാസർകോട് ജില്ലാ അദ്ധ്യക്ഷന്മാരുടെ കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,ഇടുക്കി, വയനാട് ജില്ലകളിൽ അദ്ധ്യക്ഷമാറ്റമുണ്ടായേക്കും. ദലിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. ഇടുക്കിയിൽ ഈഴവ പ്രാതിനിധ്യം ഉറപ്പിച്ചേക്കും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം അന്തിമ പട്ടിക ഹൈക്കമാൻഡിന്റെ അംഗീകാരത്തിന് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |