ആലപ്പുഴ: മൂന്ന് സ്‌ത്രീകളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിലെ പ്രതി സെബാസ്റ്റ്യനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി സമീപവാസികൾ. 17-ാം വയസിൽ തന്നെ സെബാസ്റ്റ്യന് ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നു എന്നാണവർ പറഞ്ഞത്. അന്ന് ഇയാൾ ബന്ധുക്കൾക്ക് ചോറിൽ വിഷം കലർത്തി നൽകി. സ്വത്ത് തർക്കത്തിന്റെ പേരിലാണ് പിതാവിന്റെ അടുത്ത മൂന്ന് ബന്ധുക്കൾക്ക് വിഷം നൽകിയത്. തലനാരിഴയ്‌ക്കാണ് അവർ അന്ന് രക്ഷപ്പെട്ടത്. തുടർന്ന് സഹോദരങ്ങളുമായും അയൽവാസികളുമായും സെബാസ്റ്റ്യൻ പലപ്പോഴും തർക്കമുണ്ടാക്കി.
സമാധാനപ്രിയനാണെന്ന് തോന്നുമെങ്കിലും പകതോന്നിയാൽ ഏത് മാർഗത്തിലൂടെയും ആക്രമിക്കുന്നതാണ് ഇയാളുടെ സ്വഭാവം. പത്താം ക്ലാസ് വരെ പഠിച്ച ശേഷം സ്വകാര്യ ബസിൽ ക്ലീനറായും ടാക്‌സി ഡ്രൈവറായും ജോലി ചെയ്‌തു. അങ്ങനെയാണ് വാഹന - വസ്‌തു വിൽപ്പന ഇടനിലക്കാരനായത്. പലർക്കും പണം പലിശയ്‌ക്ക് നൽകുമായിരുന്നു. കടത്തിലായവരെ പണംനൽകി സഹായിച്ച് അവരുടെ ഭൂമിയും സ്വന്തമാക്കിയിരുന്നു.
അതേസമയം, സെബാസ്റ്റ്യന്റെയും സുഹൃത്ത് റോസമ്മയുടെയും വീട്ടുവളപ്പിൽ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. കാണാതായ ജെയ്‌നമ്മയുടേതെന്ന് സംശയിക്കുന്ന വാച്ചിന്റെ ഭാഗങ്ങൾ സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽ നിന്ന് ലഭിച്ചു. കത്തി കരിഞ്ഞ നിലയിലായിരുന്നു വാച്ച്. തറയിലും ഭിത്തിയിലുമായി കൂടുതലിടങ്ങളിൽ രക്തക്കറയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഒരു ജോഡി റബർ ചെരുപ്പും ലഭിച്ചു. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭനെ കാണാതായ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചാണ് പൊലീസ് സഹകരണത്തോടെ പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |