കോഴിക്കോട്: വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിൽ സഹോദരനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ളോറിക്കൻ റോഡിലെ 'പൗർണമി' വാടക വീട്ടിൽ താമസിക്കുന്ന മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ ഇളയ സഹോദരൻ പ്രമോദാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കൂടാതെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് ഫോൺ സ്വിച്ച് ഓഫായത്. ഇയാൾ ട്രെയിൻ കയറി എങ്ങോട്ടെങ്കിലും പോയോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
സഹോദരിമാരിൽ ഒരാൾ മരിച്ചെന്ന് പുലർച്ചെയോടെ പ്രമോദ് ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തല മാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതദേഹങ്ങൾ. പ്രമോദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്‌തെന്ന് പരിസരവാസികൾ പറയുന്നു.
ഇന്നലെ വൈകിട്ടോടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇരുവരെയും ശ്വാസംമുട്ടിച്ച് കൊന്നതാണെന്നാണ് റിപ്പോർട്ടിലുള്ളത്. പിന്നാലെ പ്രമോദിനായി തെരച്ചിൽ ആരംഭിച്ചു. ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്.
കഴിഞ്ഞ മൂന്നു വർഷത്തോളമായി പ്രമോദും സഹോദരിമാരും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂന്നുപേർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പുഷ്പ ആരോഗ്യ മേഖലയിൽ നിന്ന് വിരമിച്ചയാളാണ്. ഇവരുടെ പെൻഷനിലായിരുന്നു കുടുംബം മുന്നോട്ടുപോയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |