കൊച്ചി: ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ചിട്ട് മോഷണം നടത്തിയ ആറംഗ സംഘം പിടിയിൽ. ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തത്. ദിവസങ്ങൾക്ക് മുമ്പ് ഉത്തരേന്ത്യയിൽ നിന്ന് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു.
അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിനിന്റെ വേഗം കുറയുമ്പോൾ വാതിലിന് സമീപം നിൽക്കുന്നവരെ വടികൊണ്ട് അടിച്ച് തള്ളിയിടുകയാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാൾ നൽകിയ പരാതിയിലാണ് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചത്.
വാതിലിനോട് ചേർന്ന് നിൽക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇത്തരം കവർച്ചാസംഘങ്ങൾ വ്യാപകമാണ്. അത്തരത്തിലുള്ള മോഷണത്തിന്റെ വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവർച്ചാശ്രമം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |