കൊല്ലം: മയക്കുമരുന്ന് കേസിൽ കരുതൽ തടങ്കലിലാക്കാൻ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രക്ഷപ്പെട്ട പ്രതി പിടിയിൽ. കിളികൊല്ലൂർ കല്ലുതാഴം വയലിൽ പുത്തൻവീട്ടിൽ അജു മൺസൂർ (26) ആണ് പിടിയിലായത്. അജുവിനെ രക്ഷപ്പെടുത്താൻ സഹായിച്ച ഭാര്യ ബിൻഷയും പിടിയിലായി. തമിഴ്‌നാട് ധർമ്മപുരിക്ക് സമീപം തോപ്പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം നടന്നത്. സ്‌റ്റേഷന് മുന്നിൽ സ്‌കൂട്ടറിൽ കാത്തുനിന്ന ഭാര്യയാണ് പ്രതിയെ രക്ഷപ്പെടുത്തിയത്. ഇതിന് മുമ്പും മയക്കുമരുന്ന് കേസിൽ പലതവണ പിടിക്കപ്പെട്ടയാളാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഫോമുകളിൽ പ്രതിയെക്കൊണ്ട് ഒപ്പിടീച്ചുകൊണ്ടിരിക്കെ ആണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയത്.
തുടർന്ന് സ്റ്റേഷന് മുൻവശത്തെ റോഡിൽ സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യ ബിൻഷയോടൊപ്പം അജു രക്ഷപ്പെടുകയായിരുന്നു. എംഡിഎംഎ കേസിൽ ബിൻഷയും നേരത്തേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |