ഏറ്റുമാനൂർ: അന്വേഷണത്തിൽ തെളിവുകൾ ഒന്നൊന്നായി കണ്ടെത്തുന്നതോടെ ജെയ്നമ്മ തിരാേധാനക്കേസിലെ പ്രതി സി എം സെബാസ്റ്റ്യൻ പൊലീസിനെയും ഞെട്ടിക്കുന്നു. സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ കണ്ടെടുത്തു. വീട്ടിൽ നിറുത്തിയിട്ടിരുന്ന സെബാസ്റ്റ്യന്റെകാറിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കേസിൽ അതി നിർണായകമായേക്കാവുന്നവയാണ് ഇപ്പോൾ ലഭിച്ച തെളിവുകൾ എന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഇരുപതുലിറ്ററോളം കൊള്ളുന്ന കന്നാസിൽ ഡീസൽ വാങ്ങിയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇത് എന്തിനാണെന്നാണ് ഇനി കണ്ടെത്തേണ്ടത്.
കഴിഞ്ഞദിവസം സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ വാച്ച് ഡയലും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. ഇവയും ആരുടേതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇവയ്ക്ക് ഉത്തരങ്ങൾ ലഭിക്കുന്നതോടെ കേസിന്റെ കാണാപ്പുറങ്ങൾ കൂടുതൽ വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്. ചോദ്യം ചെയ്യലിനോട് സെബാസ്റ്റ്യൻ കാര്യമായി സഹകരിക്കുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. പിടിയിലായതുമുതൽ അന്വേഷണത്തോട് തീർത്തും നിസ്സഹകരിക്കുന്ന രീതിയിലാണ് സെബാസ്റ്റ്യൻ. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരീതിയിൽ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് അയാൾ.
അതേസമയം, ചേർത്തലയിൽ സെബാസ്റ്റ്യന്റെവീട്ടുവളപ്പിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേത് ആണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് ജെയ്നമ്മയുടേതാണോ എന്ന് വ്യക്തമല്ല. ഡിഎൻഎ പരിശോധനാഫലവും മറ്റ് രാസപരിശോധനാ ഫലങ്ങളും ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കൂടുതൽ പേരെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |