ഹൈദരാബാദ്: ഭർത്താവിന്റെ ചെവിയിൽ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും സുഹൃത്തും പിടിയിൽ. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ലൈബ്രറിയിൽ ശുചീകരണ ജോലി ചെയ്തിരുന്ന തൊഴിലാളി സമ്പത്താണ് കൊല്ലപ്പെട്ടത്. സമ്പത്തിന്റെ ഭാര്യ രമാദേവിക്കൊപ്പം കൊലപാതകത്തിന് കൂട്ടു നിന്ന കാമുകൻ രാജയ്യ സുഹൃത്തായ ശ്രീനിവാസൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഭർത്താവിന്റെ കഠിനമായ മദ്യപാനവും മർദ്ദനവുമാണ് രമാദേവിയെ അവിഹിത ബന്ധത്തിലേക്കും കുറ്റകൃത്യത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവർക്കും രണ്ട് കുട്ടികളുണ്ടായിരുന്നു. മദ്യപിച്ച ശേഷം സമ്പത്ത് ഭാര്യയുമായി പലപ്പോഴും വഴക്കുണ്ടാക്കി. കുടുംബം പോറ്റാനായി ഒരു ചെറിയ പലഹാര കട രമാദേവി നടത്തിയിരുന്നു. ഈ കടയിൽ വച്ചാണ് 50കാരനായ കരൺ രാജയ്യയുമായി രമാദേവി പ്രണയത്തിലായത്. ഇരുവരുടെയും ബന്ധം ശക്തമായതോടെയാണ് ഭർത്താവിനെ ഒഴിവാക്കാൻ രമാദേവി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഭർത്താവിനെ എങ്ങനെ കൊല്ലാമെന്ന് രമാദേവി തിരഞ്ഞത് ഓൺലൈനിലൂടെയാണ്. ഇതിനായി ഒരു യൂട്യൂബ് വീഡിയോയിലൂടെ ചെവിയിൽ കീടനാശിനി ഒഴിക്കുന്ന രീതിയെക്കുറിച്ച് രമാദേവി പഠിച്ചെടുത്തു. ഇത് കാമുകനായ രാജയ്യയുമായി പങ്കുവച്ച ശേഷം രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസിനൊപ്പം ചേർന്ന് സമ്പത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.
കൊലപാതകം നടന്ന രാത്രിയിൽ രാജയ്യയും ശ്രീനിവാസും ബൊമ്മക്കൽ ഫ്ലൈഓവറിനടുത്ത് വച്ച് മദ്യം നൽകാമെന്ന് പറഞ്ഞ് സമ്പത്തിനെ വിളിച്ചു വരുത്തി. മദ്യപിച്ച ശേഷം ബോധം നഷ്ടപ്പെട്ട സമ്പത്ത് ഉറങ്ങിപ്പോയി. അന്നേരമാണ് രാജയ്യ ഇയാളുടെ ചെവിയിൽ കീടനാശിനി ഒഴിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ രാജയ്യ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം കൃത്യം നടത്തിയെന്ന് അറിയിക്കാൻ രാജയ്യ രമാദേവിയെ ഫോണിൽ വിളിച്ചു.
പിറ്റേന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ രമാദേവി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. ഓഗസ്റ്റ് ഒന്നിനാണ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ചെയ്യാൻ രമാദേവിയും രാജയ്യയും വിസമ്മതിച്ചതിനെ തുടർന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. പിന്നീട് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
സമ്പത്തിന്റെ മകനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. കോൾ റെക്കോർഡുകൾ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വഷണത്തിലാണ് രമാദേവി, രാജയ്യ, ശ്രീനിവാസ് എന്നിവരിലേക്ക് അന്വേഷണം എത്തിച്ചത്. ചോദ്യം ചെയ്തപ്പോൾ മൂവരും കുറ്റം സമ്മതിച്ചു. മൂവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |