കാട്ടിലും നാട്ടിലും എല്ലാ ജീവികളും ഒരുപോലെ പേടിക്കുന്നവയാണ് പാമ്പുകൾ. എന്നാൽ പാമ്പുകൾ എപ്പോഴും ഉപദ്രവകാരികളല്ല മാത്രമല്ല മറ്റു ചില ജീവികളും പാമ്പിനെ വേട്ടയാടാറുമുണ്ട്. പ്രകൃതിയിൽ പല മൃഗങ്ങളും പാമ്പുകളിൽ നിന്ന് സ്വയം എങ്ങനെ പ്രതിരോധിക്കാമെന്ന് നന്നായി പഠിച്ചവരാണ്. നമ്മുടെ നാട്ടിൽ പാമ്പുകളെ കൊല്ലാൻ മിടുക്കരായ നാല് ജീവികളെ പരിചയപ്പെടാം.
കീരി
പാമ്പിനെ പിടിക്കാൻ മിടുക്കന്മാരാണ് കീരികൾ. പാമ്പിൻ വിഷം പ്രതിരോധിക്കാനുള്ള സ്വാഭാവികകഴിവ് കീരികൾക്കുണ്ട്. ഏറ്റവും മാരകമായ വിഷ പാമ്പുകളിൽ ഒന്നായ മൂർഖനെയാണ് കീരികൾ കൂടുതലും ലക്ഷ്യം വയ്ക്കുക. വലിപ്പം കുറവാണെങ്കിലും കീരികൾ എന്നും പാമ്പുകൾക്ക് ഒരു പേടി സ്വപ്നമാണ്. മൂർഖന്റെ തല കടിച്ചെടുക്കാനും കീരികൾക്ക് വൈദഗ്ദ്ധ്യമുണ്ട്. ധൈര്യം, വേഗത, പ്രതികരണശേഷി എന്നിവ കീരിയെ ശക്തനായ പാമ്പുവേട്ടക്കാരനാക്കുന്നു.
രാജവെമ്പാല
രാജവെമ്പാല മനുഷ്യർക്ക് മാത്രമല്ല അപകടകാരി മറ്റ് പാമ്പുകളെയും ഇവ ഭക്ഷിക്കാറുണ്ട്. ചെറുതും വലുതുമായ മറ്റു പാമ്പുകളാണ് രാജവെമ്പാല ഭക്ഷണം. ചുറ്റുമുളളവയിൽ നിന്ന് ഇരയെ തിരിച്ചറിയാനുള്ള അവയുടെ ശക്തമായ കഴിവ് ഉപയോഗിച്ചാണ് കൊല്ലുന്നത്. ഏകദേശം 18 അടിയിൽ കൂടുതൽ നീളത്തിൽ രാജവെമ്പാല വളരും. എപ്പോഴും വളരെ ജാഗ്രത പാലിച്ച് ശ്രദ്ധയോടെയാണ് ഇവ ഇഴഞ്ഞ് നീങ്ങുന്നത്. രാജവെമ്പാലയുള്ള സ്ഥലങ്ങളിൽ ചെറുപാമ്പുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
പരുന്ത്
പരുന്തുകൾ ഭക്ഷണത്തിനായി പാമ്പുകളെ വേട്ടയാടാറുണ്ട്. അവ വളരെ ഉയരത്തിൽ പറന്ന് പാമ്പിന്റെ ചലനം നിരീക്ഷിച്ച് വേഗത്തിൽ താഴേക്ക് പറക്കുകയും കൂർത്ത നഖങ്ങൾ ഉപയോഗിച്ച് പാമ്പിനെ പിടിച്ച് ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്. മികച്ച കാഴ്ചശക്തിയും കൃത്യതയുമാണ് പരുന്തകളെ ഒന്നാന്തരം വേട്ടക്കാരാനാക്കുന്നത്.
മൂങ്ങ
മൂങ്ങകൾക്ക് രാത്രിയിൽ പാമ്പുകളെ വേട്ടയാടാൻ കഴിയും. അവ നിശബ്ദമായിട്ടാണ് പാമ്പിനെ പിന്തുടരുന്നത്. ശക്തമായ നഖങ്ങൾ ഉപയോഗിച്ചാണ് മൂങ്ങ പാമ്പിനെ ആക്രമിക്കുന്നത്. പാമ്പിന്റെ തലയും നട്ടെല്ലും തൽക്ഷണം തകർക്കാൻ മൂങ്ങയുടെ നഖങ്ങൾക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |