തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും സർവകലാശാല ജീവനക്കാർക്കും കുടിശ്ശികയായ 20 ശതമാനം ക്ഷാമബത്ത അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് പ്രസിഡന്റ് എൻ. മഹേഷും ഭാരവാഹികളുമാണ് ഹർജിക്കാർ. കേസ് തിങ്കളാഴ്ച പരിഗണിക്കും. 2022 ജനുവരി മുതൽ പ്രാബല്യത്തിലുള്ള ക്ഷാമബത്തയാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. 2022 ജൂലായ് ഒന്നു മുതലുള്ള 7 ഗഡു ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. പശ്ചിമബംഗാൾ സർക്കാരിനെതിരെ അടുത്തിടെയുണ്ടായ നിർണായകമായ സുപ്രീംകോടതി ഉത്തരവിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ജീവനക്കാർക്ക് കുടിശ്ശികയായ 20% ഡി.എ അടിയന്തരമായി പ്രഖ്യാപിക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഐ.എ എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്കും ജുഡിഷ്യൽ ഓഫീസർമാർ, പി.എസ്.സി ചെയർമാൻ, അംഗങ്ങൾ എന്നിവർക്കും കൃത്യമായി ക്ഷാമബത്ത അനുവദിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഐ.എ എസ് ഉദ്യോഗസ്ഥർക്കും മറ്റും ഒമ്പത് ഗഡു ക്ഷാമബത്ത അനുവദിച്ച സർക്കാർ ഇതിന്റെ കുടിശ്ശിക പണമായി നൽകുകയും ചെയ്തു. ഇതേ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ചത് മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ്. ഇതിന്റെ കുടിശ്ശികയും നൽകിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് ഇതു മൂലം സംഭവിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |