കൊല്ലം: ബാറ്റും ബോളുമായി കളിക്കളത്തിൽ പയറ്റിത്തെളിഞ്ഞ കൂട്ടുകാർ പൊലീസ് സേനയിലേക്ക് എത്തിയത് നക്ഷത്രത്തിളക്കത്തിൽ. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ജിതിൻ ഷൈദാസും (28) പത്തനാപുരം സ്റ്റേഷനിലെ എസ്.എസ്.അക്ഷയുമാണ് (26) കളിക്കൂട്ടുകാർ. എസ്.ടി വിഭാഗത്തിനായി പി.എസ്.സി നടത്തിയ സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷയിൽ അസി. സബ് ഇൻസ്പക്ടറായി നേരിട്ടാണ് ഇരുവരും നിയമനം നേടിയത്.
തിരുവനന്തപുരം ആര്യനാട് മീനാങ്കൽ അനുഗ്രഹ ക്ളബിലെ ക്രിക്കറ്റ് ടീമിലെ സൗഹൃദമാണ് വഴികാട്ടിയത് . ക്ളബിൽ കൂട്ടുകാർ ഒന്നിച്ച് കൂടിയപ്പോൾ പൊലീസാകണമെന്ന ആഗ്രഹം പങ്കുവച്ചത് അക്ഷയും ജിതിനുമാണ്. ജിതിന് പൊതുമരാമത്ത് വകുപ്പിലും അക്ഷയ്ക്ക് ലീഗൽ മെട്രോളജിയിലും ലാസ്റ്റ് ഗ്രേഡ് നിയമനം ലഭിച്ചിരുന്നു.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി എ.എസ്.ഐ നിയമനത്തിന് 2020ൽ വിജ്ഞാപനം വന്നു. അര കിലോമീറ്റർ അകലത്തിൽ താമസിക്കുന്ന ഇരുവരും ഒന്നിച്ചാണ് പഠിച്ചതും പരീക്ഷയെഴുതിയതും. സ്റ്റേഷനിൽ ക്രൈം ഡ്യൂട്ടി ചെയ്യാനാണ് ഇരുവർക്കും താല്പര്യം.
ആര്യനാട് ഗ്രാമപഞ്ചായത്തംഗമായിരുന്ന മീനാങ്കൽ ഡിലോ കോട്ടേജിൽ വൈ.എസ്.യേശുദാസിന്റെയും ഷൈലജയുടെയും മകനാണ് ജിതിൻ ഷൈദാസ്. എസ്.അർച്ചനയാണ് ഭാര്യ. മീനാങ്കൽ കൊച്ചുകിളിക്കോട് ഉത്രത്തിൽ പോസ്റ്റ്മാനായിരുന്ന ജി.സുരേന്ദ്രന്റെയും ആർ.ഷീജാ കുമാരിയുടെയും മകനാണ് എസ്.എസ്.അക്ഷയ്. അവിവാഹിതനാണ്.
സംസ്ഥാനത്ത് 12 നിയമനം
എ.എസ്.ഐമാരായി 12 പേരെയാണ് നേരിട്ട് നിയമിച്ചത്. 16 ഒഴിവുകളുള്ളതിൽ 4 പേർ ജോയിൻ ചെയ്തില്ല. ആ ഒഴിവിലേക്ക് പുതിയ വിജ്ഞാപനമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |