തിരുവനന്തപുരം: ഇനി അവതരിപ്പിക്കാൻ പോകുന്നത് നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പുള്ള ബഡ്ജറ്റ്. അതിനാൽ സർക്കാരിന്റെ ചെലവുകൾ പരമാവധി കുറയ്ക്കാനും ക്ഷേമനടപടികൾക്ക് കൂടുതൽ തുക വിനിയോഗിക്കാനുമാണ് ഒരുക്കം. നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് മുന്നിലുള്ളത്.
ഇതു പാലിച്ചുകൊണ്ടുവേണം അടുത്ത വർഷത്തേക്കുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾ നൽകാനെന്ന് ധനകാര്യ വകുപ്പ് വകുപ്പുകളിലേക്ക് സർക്കുലർ അയച്ചു. ചെലവ് ചുരുക്കലാണ് മുഖ്യ അജൻഡ. സെപ്തംബർ 25നു മുമ്പ് വ്യക്തമായ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബഡ്ജറ്റിൽ കൂടുതൽ ക്ഷേമാനുകൂല്യങ്ങളും ഉൾപ്പെടുത്തേണ്ടിവരും. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശികയിൽ നല്ലൊരുഭാഗം കൊടുത്തുതീർക്കേണ്ടിയും വരും. ജീവനക്കാരുടെ പരാതി പരിഹരിക്കാൻ ശമ്പള പരിഷ്‌കരണ കമ്മിഷനെയും വൈകാതെ നിയമിക്കേണ്ടിവരും.
തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പും വരുന്നതിനാൽ ഈ സാമ്പത്തിക വർഷാവസാനം വൻ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് മാനദണ്ഡങ്ങൾ നിർദ്ദേശിച്ചത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് സർക്കാരിന്റെ തനതു വരുമാനത്തിൽ മികച്ച വളർച്ചയുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തപ്പോഴുള്ളതിന്റെ ഇരട്ടിയോളമാണ് ഇപ്പോഴത്തെ തനതു വരുമാനം. കടമെടുപ്പിലും ഗണ്യമായ കുറവുണ്ടായി. ഓരോ അഞ്ചുവർഷത്തിലും ഇരട്ടിക്കുന്ന രീതിയിലുള്ള കടമെടുപ്പിന്റെ കുതിപ്പ് ഇത്തവണ പിടിച്ചുനിറുത്താനായി. കഴിഞ്ഞ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കടമെടുപ്പ് ഇരട്ടിക്കാതെ ഒരു സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. കേന്ദ്രത്തിന്റെ കർശനനിലപാടും അതിന് നിമിത്തമായി.
നിയമനങ്ങളെ ബാധിക്കും
1. സംസ്ഥാനത്തെ പൊതുസ്ഥിതി മനസിലാക്കിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണം. ലാഭകരമല്ലാത്തതും ദുർവ്യയമെന്ന് തോന്നുന്നവയും നിർദ്ദേശിക്കരുത്. അത്തരം പദ്ധതികൾ നിലവിലുണ്ടെങ്കിൽ അത് തുടരേണ്ടതില്ല.
2. മെയിന്റനൻസ് ചെലവുകൾ ഒഴിവാക്കണം. ഏതെങ്കിലും സ്‌കീമുകൾ തുടരാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അതിന്റെ ആവശ്യകത രേഖാമൂലം കാര്യകാരണസഹിതം വകുപ്പുകൾ അറിയിക്കണം.
3. ശമ്പളവും പെൻഷനും ഒഴികെയുള്ള ഇനങ്ങളിൽ സർക്കാരിന്റെ ചെലവു വർദ്ധിപ്പിക്കരുത്. തസ്തികകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കണം. ഇതു പുതിയ നിയമനങ്ങളെ ബാധിച്ചേക്കും.
4. പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ ഈ വർഷത്തെ പദ്ധതിച്ചെലവുകൾ കൂട്ടിക്കാണിക്കരുത്. പദ്ധതിയിതര ചെലവുകളുടെ എസ്റ്റിമേറ്റ് അടുത്തമാസം 10ന് മുൻപും പദ്ധതികളുടെ എസ്റ്റിമേറ്റ് 15ന് മുൻപും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |