തലശ്ശേരി: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തു. 15 സി പ്രകാരം പൊതുസ്ഥലത്തെ മദ്യപാനത്തിനാണ് കേസെടുത്തത്. എസ്.ഐ പി.പി.ഷമീലിന്റെ പരാതി പ്രകാരം കഴിഞ്ഞദിവസം രാത്രി 11.54ന് എഫ് .ഐ .ആർ രജിസ്റ്റർ ചെയ്തു. നേരത്തെ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശ്ശേരി പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതികൾക്കൊടുവിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. അതീവ രഹസ്യമായി നടന്ന മദ്യപാനത്തിന്റെ വിവരങ്ങൾ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആഭ്യന്തരവകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.ലോക്കൽ പൊലീസിനെ അറിയിക്കാതെ പ്രത്യേക അന്വേഷണസംഘം സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. മുഴുവൻ തെളിവുകളും കണ്ടെത്തിയ ശേഷം മൂന്ന് പൊലീസുകാർക്കെതിരെ നടപടി വന്നു. അതുവരെയുള്ള നീക്കങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാനും നിർദേശമുണ്ടായിരുന്നു.
കൊടി സുനിയുടെ മദ്യപാനം പുറത്തുവന്നതോടെയാണ് പരോളിൽ കഴിയുന്ന കൊടി സുനി എവിടെയാണെന്ന അന്വേഷണം അഭ്യന്തര വകുപ്പ് നടത്തിയത്. ഇതിലാണ് പരോൾ വ്യവസ്ഥ ലംഘിച്ചിട്ടുള്ളത് കണ്ടെത്തിയത്.തുടർന്ന് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടി. പരോൾ കാലയളവിൽ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനും കോടതി നിർദേശിച്ച സ്ഥലത്ത് താമസിക്കാത്തതിനുമാണ് അറസ്റ്റ് നടന്നത്. ഇയാൾ സംസ്ഥാനം വിട്ട് സഞ്ചരിച്ചതായും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജൂലായ് 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |