തിരുവനന്തപുരം: വ്യാവസായിക മാലിന്യത്തിൽ നിന്ന് പുത്തൻ റോഡ് നിർമ്മാണ സാമഗ്രി വികസിപ്പിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസേർച്ച് സെന്ററിലെ (നാറ്റ്പാക്ക്) ശാസ്ത്രജ്ഞർ. കോൺക്രീറ്റ്-ക്വാറി മാലിന്യം,എം-സാൻഡ്,സിമന്റ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോവബിൾ ലോ സ്ട്രെംഗ്ത്ത് മെറ്റീരിയൽ എന്നാണ് പേര്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ഉപയോഗിക്കാൻ തദ്ദേശവകുപ്പ്,പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ചർച്ചകൾ നടന്നു.
ഒഴുകുന്ന (ഫ്ലോവബിൾ) തരത്തിലാണിത്. പൈപ്പ് പൊട്ടൽ സ്ഥിരം സംഭവമായ കേരളത്തിൽ,പണി പൂർത്തിയായ ശേഷം കുഴിച്ച റോഡിൽ മണ്ണിടുന്നതിന് മുൻപ് ഈ മിശ്രിതം ഒഴിക്കാം. മണ്ണ് എത്തിപ്പെടാത്ത ഇടുങ്ങിയ കുഴികളും വിടവുകളും എളുപ്പത്തിൽ അടയ്ക്കാം. പണിക്കുശേഷം കുഴികളിൽ മണ്ണിട്ട് അടയ്ക്കുന്നത് കാര്യക്ഷമമല്ലാത്തതിനാലാണ് പലയിടത്തും റോഡിന്റെ പ്രതലങ്ങൾ നിരപ്പില്ലാതെ കിടക്കുന്നത്. മൂന്നുവർഷമെടുത്താണ് ഗവേഷണം നടത്തിയത്.
ഐ.ആർ.സി ആശയം
സിവിൽ എൻജിനിയറിംഗ് രംഗത്തെ വിവിധ നിർമ്മാണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ അടങ്ങിയിട്ടുള്ള ഐ.ആർ.സി കോഡ്-98ൽ ഈ സാമഗ്രിയുടെ നിർമ്മാണത്തെപ്പറ്റി പറയുന്നുണ്ട്. ഇതിൽ ചില മാറ്റങ്ങളോടെയാണ് നാറ്റ്പാക്ക് ഫ്ലോവബിൾ മെറ്റീരിയൽ വികസിപ്പിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദം
1. ഫ്ലൈ ആഷ് അഥവാ ചാരം ഉപയോഗിക്കാത്തതിനാൽ പ്രകൃതിക്ക് ദോഷമില്ല
2. കല്ലിന്റെ ലഭ്യതയില്ലാത്തയിടത്തും ഉപയോഗിക്കാം
3. ചെലവ് കുറവ്
4. കോൺക്രീറ്റ് സ്വയം വ്യാപിച്ച് ഉറയ്ക്കുന്നതിനാൽ പുറമേനിന്ന് ബലം പ്രയോഗിക്കേണ്ടതില്ല
5. ഏറെ കാലം നിലനിൽക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |