വ്യത്യസ്തമായ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ ഗ്രിൽ ചെയ്തത് മുതൽ ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതുവരെയുള്ള വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അദ്ദേഹത്തിന് യൂട്യൂബിൽ ഒമ്പത് മില്യണിലധികം ഫോളോവേഴ്സുണ്ട്. അടുത്തിടെ താൻ യൂട്യൂബ് ചാനൽ നിർത്തുന്നുവെന്ന് ഫിറോസ് അറിയിച്ചിരുന്നു.
യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടുപോകാൻ പറ്റില്ലെന്നും പുതിയൊരു ചുവടുവയ്പിനൊരുങ്ങുകയാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഫിറോസിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ദുബായിലെ മരുഭൂമിയിൽ നിന്ന് ഒരു ഫുൾ ഒട്ടകത്തെ ഗ്രിൽ ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.അലക്സ് എന്ന ഒരു പാചകക്കാരനും അദ്ദേഹത്തിനൊപ്പമുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
'വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ', 'വിധി പോലും വിറച്ചു പോയി അവന്റെ വരവിൽ ','അങ്ങനെ നിർത്തി പോവാൻ പറ്റില്ലലോ ,ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉള്ളതല്ലേ,' 'പഴശിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു', 'എങ്കിലും എന്റെ ഫിറോസിക്ക, ഞങ്ങളെ പേടിപ്പിച്ചു. ഇപ്പോൾ സമാധാനമായി', 'പുലി പതുങ്ങിയത് ഒളിക്കാനല്ല.. കുതിക്കാനാ', 'നിർത്തുന്നു എന്ന് പറയുന്നു, ഓടി പോയ മൃഗങ്ങൾ ധൈര്യമായി തിരികെ വരുന്നു, വീണ്ടും വേട്ട തുടങ്ങുന്നു',- ഇങ്ങനെ പോകുന്നു കമന്റുകൾ.
'ഞാൻ യൂട്യൂബ് ചാനൽ നിർത്തുന്നു' എന്ന ക്യാപ്ഷനോടെ അദ്ദേഹം അടുത്തിടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 'ഞാൻ ഷാർജയിലാണ് ഇപ്പോഴുള്ളത്. ഞങ്ങൾ ചെറിയൊരു ചുവടുവയ്പ് വച്ചാലോയെന്ന് ആലോചിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ദുബായിൽ എത്തിയത്. ബിസിനസിലേക്ക് മാറിയാലോ എന്നൊരു ചിന്താഗതി. യൂട്യൂബാണ് ഇപ്പോഴത്തെ വരുമാനമാർഗം.
ആ വരുമാനത്തെ ആശ്രയിക്കാതെ, വേറെ എന്തെങ്കിലും ബിസിനസ് ചെയ്താൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ. ഞാൻ റസ്‌റ്റോറന്റ് ബിസിനസിലേക്ക് കടന്നാൽ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. ഫുഡ് ബിസിനസ് കുറച്ച് റിസ്‌കാണ്. എന്തെങ്കിലുമൊരു ബിസിനസ് ചെയ്യണം. അങ്ങനെ ഒരു ബ്രാൻഡ് ബിൽഡ് ചെയ്യാനാണ് നോക്കുന്നത്.'- അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഫിറോസ് ഇനി വീഡിയോ ചെയ്യില്ലെന്നാണ് ആരാധകർ കരുതിയത്. എന്നാൽ വീണ്ടും വീഡിയോയുമായെത്തി ഞെട്ടിച്ചിരിക്കുകയാണ് ഫിറോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |