ദുബായ്: വ്‌ളോഗര്‍മാരെക്കുറിച്ച് നല്ലത്, മോശം എന്നീ അഭിപ്രായങ്ങളാണ് പൊതുസമൂഹത്തിനുള്ളത്. മാറുന്ന കാലഘട്ടത്തില്‍ തങ്ങളുടേതായ പ്രസക്തിയുണ്ടെങ്കിലും ചിലപ്പോഴെങ്കിലും തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നതില്‍ വ്‌ളോഗര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ഒരു സംഭവം പൊതുസമൂഹത്തിന് മുന്നിലെത്തിക്കുമ്പോള്‍ ശരിതെറ്റുകള്‍ കൃത്യമായി വ്യാഖ്യാനിക്കാന്‍ കഴിയാറില്ലെന്നതാണ് അതില്‍ പ്രധാനം. അതുപോലെ തന്നെ വിവരം പങ്കുവയ്ക്കലിന് മുകളില്‍ ബിസിനസ് പ്രൊമോഷന്‍ താത്പര്യങ്ങള്‍ കടന്ന് കൂടുന്ന പ്രവണതയും വര്‍ദ്ധിച്ച് വരികയാണ്.
ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ശക്തമായ നിയമം വ്‌ളോഗര്‍മാരുടെ കാര്യത്തില്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് യുഎഇ. സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രമോഷന്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവര്‍ പ്രത്യേക അനുമതി നേടിയിരിക്കണമെന്നാണ് യുഎഇ മീഡിയ കൗണ്‍സില്‍ നിര്‍ദേശം. ഇതിനായി അഡ്വടൈസര്‍ പെര്‍മിറ്റ് എന്ന പേരില്‍ പ്രത്യേക അനുമതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഈ നിയമം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പെയ്ഡ് പ്രമോഷന്‍ ആണെങ്കിലും അല്ലെങ്കിലും അഡ്വടൈസര്‍ പെര്‍മിറ്റ് നേടിയിരിക്കണം. മാദ്ധ്യമ രംഗത്തെ വളരെ വേഗത്തിലുള്ള മാറ്റത്തിന് അനുസരിച്ച് നിയന്ത്രണ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. സമൂഹത്തിന്റെയും ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പരസ്യ മേഖലയിലെ എല്ലാവര്‍ക്കും 'അഡ്വടൈസര്‍ പെര്‍മിറ്റ്' ഉണ്ടായിരിക്കണം. ലൈസന്‍സ് നമ്പര്‍ വ്യക്തമായി സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലും പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിച്ചിരിക്കണം.
മീഡിയ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തതും പെര്‍മിറ്റ് ലഭിച്ചതുമായ അക്കൗണ്ട് വഴിയല്ലാതെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് വഴി മറ്റേതെങ്കിലും വ്യക്തിയെയോ പാര്‍ട്ടിയെയോ പരസ്യം ചെയ്യാന്‍ അനുവദിക്കുന്നതിനും വിലക്കുണ്ട്. അതോടൊപ്പം മൂന്ന് മാസത്തിനുള്ളില്‍ വിസിറ്റര്‍ അഡ്വടൈസര്‍ പെര്‍മിറ്റും നിലവില്‍ വരും. അന്താരാഷ്ട്ര തലത്തിലെ സമൂഹ മാദ്ധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ യു.എ.ഇയില്‍ ഉള്ളടക്കം സൃഷ്ടിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഈ പെര്‍മിറ്റ് ഏടുക്കണം.
പുതിയ സംവിധാനത്തില്‍ അന്താരാഷ്ട്ര തലത്തിലെ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് രാജ്യത്തെ അംഗീകൃത പരസ്യ, ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സികള്‍ വഴി രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തെ അംഗീകൃത പരസ്യ, ടാലന്റ് ഏജന്‍സികളുടെ ഔദ്യോഗിക പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസിറ്റര്‍ അഡ്വടൈസര്‍ പെര്‍മിറ്റിന് മൂന്ന് മാസത്തെ കാലാവധിയാണുണ്ടാവുക. ഏതെങ്കിലും വ്യക്തി സ്വന്തമായ ഉല്‍പന്നങ്ങളോ, സേവനങ്ങളോ സ്വന്തം അക്കൗണ്ട് വഴി പ്രമോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അഡ്വടൈസര്‍ പെര്‍മിറ്റ് വേണ്ടതില്ല.
അതോടൊപ്പം വിദ്യാഭ്യാസ, കായിക, സാംസ്‌കാരിക, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 18 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്കും അനുമതിയുടെ ആവശ്യമില്ല. അഡ്വടൈസര്‍ പെര്‍മിറ്റ് ലഭിച്ചവര്‍ രാജ്യത്തെ മാദ്ധ്യമ ഉള്ളടക്ക മാനദണ്ഡങ്ങള്‍ പാലിക്കണം. അതോടൊപ്പം നിയമപരമായി അനുമതി ആവശ്യമുള്ള പരസ്യമാണെങ്കില്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അനുമതി നേടിയിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |