കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തളളിയിട്ട് ബാഗുമായി കടന്ന മോഷ്ടാവ് പിടിയിൽ. മഹാരാഷ്ട്ര പൻവേലിൽ നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണശേഷം ട്രെയിൻ മാറിമാറി കയറിയാണ് ഇയാൾ മഹാരാഷ്ട്രയിലെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 4.30 ന് സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1 സ്ലീപ്പർ കോച്ചിലായിരുന്നു സംഭവം. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട് കല്ലായി എത്താനായപ്പോഴാണ് സംഭവം. മുംബൈയിൽ സഹോദരന്റെ വീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന തൃശൂർ സ്വദേശിനി അമ്മിണി (64) യുടെ ബാഗ് പ്രതി തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് 8500 രൂപയും ഫോണും അടങ്ങിയ ബാഗുമായി പ്രതി കടന്നുകളഞ്ഞു. ട്രാക്കിൽ വീണ അമ്മിണിക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ബെംഗളൂരു ഭാഗത്തേക്ക് ഒരു ട്രെയിൻ പോയിരുന്നു. പ്രതി അതിൽ ചാടി കയറിയെന്നാണ് റെയിൽവേ പൊലീസിന് ലഭിച്ചിരുന്ന വിവരം. തുടർന്ന് സി.സി.ടി.വികൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന് പുറത്തും വലിയ രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്. കേരള റെയിൽവേ പൊലീസ് സൂപ്രണ്ടിന് കീഴിലുള്ള 17 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |