ആറ്റിങ്ങൽ: ഓണവരവോടെ മലയാളികളുടെ തീൻമേശകളിൽ രുചിയുള്ള വിഭവങ്ങൾ തയ്യാറാക്കാനും, വിളമ്പാനും വീണ്ടും മൺചട്ടികൾ കടന്നുവരുന്നു. നോൺസ്റ്റിക് പാത്രങ്ങളിലെ പാചകം നിരവധി രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നതായുള്ള പഠന റിപ്പോർട്ടുകളും മൺചട്ടിയിലേക്ക് വീട്ടമ്മമാരെ അടുപ്പിക്കുന്നു.
അടുക്കളയിൽ വിറകിന് പകരം ഗ്യാസ് പാചകത്തിന് എത്തിയതോടെയാണ് മൺചട്ടികൾ അടുക്കളയിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായത്.അലുമിനിയവും,സ്റ്റീലിലുമുള്ള പാത്രങ്ങൾക്ക് പുറമെ നോൺസ്റ്റിക്ക് പാത്രങ്ങളും ഗ്യാസ് അടുപ്പുകളിൽ ഇടംതേടി.
വിറകടുപ്പിൽ മൺചട്ടിയിൽ തയ്യാറാക്കുന്ന മീനടക്കമുള്ള കറികൾക്ക്, മറ്റ് പാത്രങ്ങളിൽ തയ്യാറാക്കുമ്പോൾ അത്ര രുചി കിട്ടാറില്ല.ഇതോടെ വീണ്ടും കളിമൺ പാത്രങ്ങൾ ലക്ഷ്വറി സാധങ്ങളായി മാറി.ഡൈനിംഗ് ടേബിളിൽ മീനും,പച്ചടി,അവിയൽ തുടങ്ങിയ കറികൾ പാചകം ചെയ്യുന്നതും, പകർന്ന് വയ്ക്കുന്നതും ആഡംബര മൺപാത്രങ്ങളിലാണ്. മൺപാത്രങ്ങൾക്ക് ഡിമാന്റ് വന്നതോടെ കളിമൺപാത്രങ്ങളുടെ നിറത്തിനും മാറ്റം വന്നു.ആലപ്പുഴ മേഖലയിൽ നിർമ്മിക്കുന്ന കറുത്ത നിറത്തിലുള്ള മൺചട്ടികൾക്ക് മാർക്കറ്റിൽ ഇപ്പോൾ നല്ല ഡിമാന്റുമുണ്ട്.ഇത് രണ്ട് തവണ ചുടുന്നത് കൊണ്ടാണ് കറുത്തിരിക്കുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു.
ശ്രദ്ധിക്കാൻ
നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക.കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം.ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കിയെടുക്കുക.അടിഭാഗം എല്ലായിടവും ഒരേ കനമാണെന്ന് ഉറപ്പ് വരുത്തുക.നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും.പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക.ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക.
നോൺസ്റ്റിക് അപകടകാരി
നോൺസ്റ്റിക് പാത്രങ്ങളിലെ കാർബൺ, പാചകത്തിനിടെ ഭക്ഷണസാധനങ്ങളിൽ കലരുന്നു എന്നാണ് പഠന റിപ്പോർട്ടുകൾ.ഇത് ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകും.
ചട്ടി എങ്ങനെ പരുവപ്പെടുത്താം
നല്ലതുപോലെ കഴുകി ഉണക്കിശേഷം അല്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയിൽ വേവിക്കുക.തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക.വേണമെങ്കിൽ അല്പം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം.തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |