തിരുവനന്തപുരം: സ്വാതന്ത്ര്യദിന തലേന്ന് സംസ്ഥാനത്തെ സർവകലാശാലകളിൽ ‘വിഭജന ഭീകരതാ ഓർമ്മദിനം’ ആചരിക്കണമെന്നു കാട്ടി വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കത്ത് നൽകി. വിഭജനകാലത്ത് ഇന്ത്യക്കാർക്ക് അനുഭവിക്കേണ്ടി വന്ന വേദനകളും ദുരിതങ്ങളും അനുസ്മരിക്കുന്ന സെമിനാറുകളും മറ്റും നടത്താനാണ് നിർദ്ദേശം.
2021 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരമാണ് ആഗസ്റ്ര് 14ന് വിഭജന ഭീകരതാ ഓർമ്മദിനം ആചരിക്കുന്നത്. 2022ൽ യു.ജി.സിയും നിർദ്ദേശം നൽകിയിരുന്നു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25ന് ഭരണഘടനഹത്യാ ദിനമായി ആചരിക്കണമെന്ന് നേരത്തേ ഗവർണർ വി.സിമാർക്ക് കത്തെഴുതിയിരുന്നു.
എന്നാൽ, ഗവർണറുടെ സർക്കുലറിനെ സർക്കാർ എതിർക്കുകയാണ്. ഇത് ആർ.എസ്.എസിന്റെ പരിപാടിയാണെന്നും ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നത്. ഇങ്ങനെയൊരു ദിനം ആചരിക്കുന്നതിന് സർക്കുലർ അയയ്ക്കാൻ ഗവർണർക്ക് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു. അതേസമയം, കേന്ദ്ര സർക്കാരിൽ നിന്നുള്ള നിർദ്ദേശം വൈസ്ചാൻസലർമാർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് രാജ്ഭവന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |