ന്യൂഡൽഹി: വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റെന്ന് ബിസിസിഐ. ഒക്ടോബറിൽ വരാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം വിരാടും രോഹിതും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ബിസിസിഐ ഔദ്യോഗികമായി തള്ളിയത്.
ഇരുവരുടെയും വിരമിക്കലിനെക്കുറിച്ച് ഉടൻ ചർച്ചകളൊന്നും ഇല്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിനും 2026ലെ ട്വന്റി 20 ലോകകപ്പിനും ശക്തമായ ഒരു ടീമിനെ ഒരുക്കാനാണ് നിലവിൽ ബോർഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബിസിസിഐ പ്രതിനിധികൾ പറഞ്ഞു.
2025 ഐപിഎൽ മുതൽ കൊഹ്‌ലിയും രോഹിതും ടൂർണമെന്റുകളൊന്നും കളിച്ചിട്ടില്ല. കാരണം ഇരുവരും തങ്ങളുടെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൊഹ്‌ലി ഇപ്പോൾ ലണ്ടനിൽ പരിശീലനം നടത്തുകയാണെന്നും ബിസിസിഐ വ്യക്തമാക്കി. അതേസമയം രോഹിത് ഉടൻ പരിശീലനം പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു.
വിരാടും രോഹിതും നിലവിലെ ഫോം നിലനിർത്തുകയാണെങ്കിൽ ഏകദിനത്തിൽ ഇന്ത്യൻ ടീമിനായി കളി തുടരണമെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഏകദിന ക്രിക്കറ്റിലെ താരങ്ങളുടെ തുടർച്ചയായ മികവിനെ അടിസ്ഥാനമാക്കിയായിരിക്കണം അവരുടെ ഭാവി തീരുമാനങ്ങളെന്ന് ഗാംഗുലി പറഞ്ഞു.
ഒക്ടോബർ 19മുതൽ 25വരെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ഏകദിന പരമ്പരയും പിന്നീട് നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഹോം പരമ്പരയും ഇന്ത്യൻ ടീം കളിക്കും. 2027ലെ ഏകദിന ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |