ആലുവ: ആലുവ ബാങ്ക് കവലയിലെ റോയൽപ്ളാസ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത റിക്രൂട്ടിംഗ് ഏജൻസികളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾ പൂട്ടി സീൽചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
മൈഗ്രിറ്റ് ഓവർസീസ് കൺസൾട്ടന്റ്, അമിക്കോസ് ഇന്റർനാഷണൽ, ഗോസോൺ ബിസിനസ് ഹബ് എന്നിവയാണ് പൂട്ടി സീൽചെയ്തത്. മൈഗ്രിറ്റിൽ പണംനൽകി വഞ്ചിതരായവരെ ഭീഷണിപ്പെടുത്താൻ ഉടമകൾ നിയോഗിച്ചിരുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഗോസോണിൽനിന്ന് ഉദ്യോഗാർത്ഥികളുടെ ചെക്കുകൾ, സർട്ടിഫിക്കറ്റുകൾ, ഡോക്യുമെന്റുകൾ, പാസ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തു. മുനിസിപ്പൽ ലൈസൻസുപോലും ഇല്ലാത്ത സ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നോടെ ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിൽ നാല് ജീപ്പുകളിലായാണ് പൊലീസ് സംഘമെത്തിയത്. ഒരേസമയം തന്നെ പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പാർക്കിംഗ് ഏരിയിലുണ്ടായിരുന്ന വാഹനങ്ങളും പുറത്തേക്കുപോകാൻ അനുവദിച്ചില്ല. കൂടുതൽ പരാതികൾ ലഭിച്ച റിക്രൂട്ടിംഗ് ഏജൻസികളിലാണ് പരിശോധന നടത്തിയത്. ഇത്തരം സ്ഥാപനങ്ങളിൽ പണം വാങ്ങി വിസതട്ടിപ്പ് നടത്തുന്നതായും ചെക്ക്, സർട്ടിഫിക്കറ്റുകൾ എന്നിവ പിടിച്ചുവച്ച് പണംവാങ്ങുന്നതായും പൊലീസിന് പരാതികൾ ലഭിച്ചിരുന്നു. 50,000 രൂപ മുതൽ 12 ലക്ഷം വരെ വാങ്ങിയാണ് കബളിപ്പിച്ചിരുന്നത്.
റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. എസ്.ഐമാരായ എൽദോ പോൾ, കെ. നന്ദകുമാർ, എ.എസ്.ഐമാരായ വിനിൽകുമാർ, നൗഷാദ്, സുരേഷ്‌കുമാർ, ജാക്സൺ, രാജേഷ് തങ്കപ്പൻ, അബ്ദുൾ ജലീൽ, കെ.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
*പൊലീസിന്റെ നാടകമെന്ന് നാട്ടുകാർ
അനധികൃത ട്രാവൽ ഏജൻസികൾക്കെതിരെ പൊലീസ് നടത്തിയ പരിശോധന നാടകമാണെന്ന് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ആരോപിച്ചു. മൈഗ്രിറ്റ് ഓവർസീസിനെതിരെ രണ്ട് മാസത്തോളമായി പരാതിയുണ്ട്. വിദേശജോലി വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽനിന്നായി 13കോടിയോളം രൂപ കബളിപ്പിച്ചെടുത്തതായാണ് ആക്ഷേപം. നിത്യേനയെന്നോണം തട്ടിപ്പിനിരയായവരെത്തി ബഹളമുണ്ടാക്കിയിട്ടും പൊലീസ് തിരിഞ്ഞുനോക്കിയിരുന്നില്ല. നടത്തിപ്പുകാർ പ്രധാനപ്പെട്ട രേഖകളെല്ലാംനീക്കി ഓഫീസ് തുറക്കാതായ ശേഷമാണ് പൊലീസ് റെയ്ഡിനെത്തിയത്. കബളിപ്പിക്കപ്പെട്ടവർ ഇനി അവിടെവന്ന് കാവൽ നിൽക്കാതിരിക്കാനാണ് പൊലീസ് തന്നെ നേരിട്ട് സ്ഥാപനത്തിന്റെ ബോർഡ് നീക്കിയതെന്നും നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |