പാലക്കാട്: ആദിവാസി യുവാവിനെ മുറിയിലടച്ച് പട്ടിണിക്കിട്ട് മർദിച്ചതായി പരാതി. പാലക്കാട് മുതലമടയിലാണ് സംഭവം. ആറ് ദിവസത്തോളമാണ് യുവാവിനെ മുറിയിലടച്ചത്. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ എന്ന യുവാവിനാണ് മർദനമേറ്റത്.
റിസോർട്ടുമായി ബന്ധപ്പെട്ട ജോലികൾക്കായി എത്തിയ വെള്ളയൻ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചു. ഇതിന്റെ ദേഷ്യത്തിൽ റിസോർട്ടുടമ വെള്ളയനെ റിസോർട്ടിനോട് ചേർന്നുള്ള കെട്ടിടത്തിലെ മുറിയിൽ അടച്ചിടുകയായിരുന്നു. റിസോർട്ടിലെ ഒരു പണിക്കാരൻ ദളിത് നേതാവായ ശിവരാജനോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശിവരാജൻ ഉടൻതന്നെ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. ഇവർ ഒരു സംഘം സ്‌ത്രീകളുമായി റിസോർട്ടിലെത്തി.
യുവാവിതെ തിരഞ്ഞെത്തിയ സംഘത്തെ റിസോർട്ട് ഉടമ ഭീഷണിപ്പെടുത്തി. ഇത് വകവയ്‌ക്കാതെ ഇവർ നടത്തിയ തെരച്ചിലിലാണ് ഒരു മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന വെള്ളയനെ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ചവിട്ടിയതായും ഒരു നേരം മാത്രമേ ഭക്ഷണം നൽകിയിരുന്നുള്ളുവെന്നും വെള്ളയൻ പറഞ്ഞതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |