വയനാട്ടിൽ മാനന്തവാടി താലൂക്കിലെ ചരിത്രപരമായ സവിശേഷതകളേറെയുള്ള പ്രദേശമാണ് തൊണ്ടർനാട്. സ്വാതന്ത്ര്യസമര കാലവുമായി ഈ പ്രദേശത്തിനുള്ള ബന്ധത്തിന്റെ ആഴവും വലുതാണ്. ബ്രിട്ടീഷ് കാലത്ത് അധികാര ശക്തിക്കെതിരായ തീവ്രമായ ദേശസ്നേഹ പോരാട്ടങ്ങൾ തൊണ്ടർനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായി നടന്നിരുന്നു. പഴശ്ശിരാജയുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകി, അദ്ദേഹത്തിന്റെ സേനകൾക്ക് സംരക്ഷണമൊരുക്കുന്നതിനും ഈ പ്രദേശത്തെ നാട്ടുകാരും ഗ്രാമ സമുദായവും ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിൽ തൊണ്ടർനാട്, ബ്രിട്ടീഷ് വർഗീയതയ്ക്കെതിരെ ഉയർന്ന സ്വാതന്ത്ര്യ ചിന്തയുടെ ഒരു ചിഹ്നമായിത്തീരുന്നു. മറ്റൊരു സാംസ്കാരിക ബന്ധമാണ് തച്ചോളി ഒതേനന്റെ കഥകളിലൂടെ ഈ പ്രദേശം പങ്കുവയ്ക്കുന്നത്. ഈ ചരിത്രവും സാഹിത്യമൂല്യവുമാണ് തൊണ്ടർനാടിന് തനിപ്പേരും വിശിഷ്ടതയും നൽകുന്നത്. 1963-ൽ രൂപീകൃതമായ തൊണ്ടർനാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.പി. കൃഷ്ണൻ നായർ ആണ്. കാലം എത്രയോ മാറി, അതിനൊപ്പം പഞ്ചായത്തും!
തൊണ്ടർനാടിനെ ഞെട്ടിച്ച അഴിമതി
തൊണ്ടർനാട് പഞ്ചായത്ത് പുരാതന പൈതൃകത്തെ ആദരിച്ചുകൊണ്ട് വികസനത്തിന് പുതിയ വഴികൾ തേടുന്ന സമഗ്ര സമൂഹമായി മാറുന്നതിനിടയിലാണ് ചെറിയൊരു കല്ലുകടിയുണ്ടായത്. ഇപ്പോഴത്തെ വർത്തമാനം തൊണ്ടർനാട്ടെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചാണ്. സി.പി.എം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ 2.8 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നടപ്പാക്കാത്ത പദ്ധതികൾ നടപ്പാക്കിയെന്നും, നടപ്പാക്കിയ പദ്ധതിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ചുമാണ് തട്ടിപ്പ്. ആട്ടിൻകൂട്, കോഴിക്കൂട്, കിണർ നിർമ്മാണം തുടങ്ങിയ പദ്ധതികളിലാണ് തട്ടിപ്പ്. ഗ്രാമപഞ്ചായത്തിന്റെ എംബുക്കിൽ യഥാർത്ഥ കണക്കുണ്ട്. സോഫ്റ്റ് വെയറിലാണ് കൃത്രിമം. ഒന്നരലക്ഷം രൂപയാണ് ഒരു കിണറിന്റെ എസ്റ്റിമേറ്റ് തുകയെങ്കിൽ ഗുണഭോക്താവിന് നൽകിയത് കേവലം 40,000 രൂപ മാത്രം. ബാക്കി 1,10,000 രൂപ പോക്കറ്റിലേക്ക്. ഇങ്ങനെ മാറിയത് 160 കിണറുകളുടെ ബില്ലുകൾ. ഒരു ആട്ടിൻകൂടിന്റെ എസ്റ്റിമേറ്റ് തുക 1,29,000 മുതൽ 1,60,000 രൂപവരെയാണ്. ഗുണഭോക്താവിന് നൽകിയതാവട്ടെ 60,000 രൂപ മാത്രം! 107ആട്ടിൻകൂടുകളുടെ ബില്ലുകളാണ് കൈമാറിയിട്ടുള്ളത്. കോഴിക്കൂടിന്റെ എസ്റ്റിമേറ്റ് തുക 60,000 രൂപയാണ്. ഗുണഭോക്താവിന് നൽകിയത് 20,000 രൂപ. ഇങ്ങനെ 116 കോഴിക്കൂടുകളുടെ ബില്ലുകളാണ് മാറിയിരിക്കുന്നത്. കയർ, മാറ്റ് എന്നിവയിലും അഴിമതി നടന്നു. കയർഫെഡിൽ നിന്ന് മാത്രമേ ഇത്തരം സാധനങ്ങൾ എടുക്കാൻ പാടുള്ളു എന്ന് നിയമമുണ്ട്. ഇത് ലംഘിച്ച് 80 യൂണിറ്റുകളുടെ എസ്റ്റിമേറ്റും ക്വട്ടേഷനും വ്യാജമായി നിർമ്മിച്ച് 40 യൂണിറ്റിന്റെ പണം കരാറുകാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുമുണ്ട്. പഞ്ചായത്തിൽ നടക്കാത്ത പദ്ധതികളുടെ പേരിലും വേറെ തട്ടിപ്പുകളും നടന്നതായും കണ്ടെത്തി. തോടുകളിൽ കയർ ഭൂവസ്ത്രം വിരിച്ചതിന് കരാറുകാരന് 9,52,000 രൂപയും ഇത് വിരിക്കാൻ മുള വാങ്ങിയതിന് 4,72,554 രൂപയും നൽകിയെന്നാണ് കണക്ക്. കരാറുകാരന് 15 ലക്ഷം രൂപ നൽകിയിട്ടുണ്ട്. മസ്റ്റർ റോളിലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്. തട്ടിപ്പ് തുക കരാറുകാരുടെയും സ്വന്തക്കാരുടെയും പേരുകളിലുളള ബിനാമി അക്കൗണ്ടുകളിലേക്കാണ് പോയത്. എല്ലാ തട്ടിപ്പും നടത്തിയത് പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവരുടെ ഡിജിറ്റൽ സിഗ്നേച്ചർ ദുരുപയോഗം ചെയ്തും. തട്ടിപ്പിന്റെ സൂത്രധാരനെന്ന് കരുതുന്ന പഞ്ചായത്ത് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് വി.സി. നിതിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തട്ടിപ്പിലെ മറ്റൊരു പ്രതിയായ അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോണി ഇപ്പോഴും ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. ഓവർസീയർമാരായ പ്രിയാ ഗോപിനാഥ്, കെ.എ. റിയാസ് എന്നിവരാണ് മറ്റുപ്രതികൾ. ഇവർ നാലുപേരെയും സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് തത്ക്കാലം മുഖം രക്ഷിക്കാനുള്ള ശ്രമവും ഇവിടെ നടന്നു.
തട്ടിയെടുത്തത് അർഹതപ്പെട്ടവരുടെ ഫണ്ടുകൾ
2024-25 സാമ്പത്തിക വർഷത്തിൽ 3,57,11,360 കോടിയാണ് ചെലവ് ഇനത്തിൽ കാണിച്ചിട്ടുള്ളത്. ഇതിൽ പറയുന്ന പ്രവർത്തികളൊന്നും പഞ്ചായത്തിൽ നടപ്പാക്കിയിട്ടുമില്ല. 2023-24 വർഷം തൊഴിലുറപ്പ് പദ്ധതിയിൽ തൊണ്ടർനാട് പഞ്ചായത്ത് ഒന്നാമതെത്തിയിരുന്നു. ഈ അംഗീകാരത്തിന്റെ മറവിലാണ് വഴിവിട്ട ക്രമക്കേടുളെല്ലാം നടന്നത്. കാർഷിക മേഖലയെയും ക്ഷീര മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണക്കാരാണ് ഈ മേഖലയിൽ കൂടുതലുള്ളത്. ഗ്രാമ വികസനത്തിന് ആവശ്യമായ ഫണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് അർഹതപ്പെട്ട ഫണ്ടുകളിൽ തിരിമറി നടത്തി കേമന്മാരായി ചിലർ കഴിഞ്ഞത്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധാരണക്കാരുടെ കൈകളിൽ കാശ് വരുമ്പോഴാണ് ഗ്രാമങ്ങളിലെ പെട്ടിക്കടകളിൽ പോലും കച്ചവടം നടക്കുന്നത്. സർവമേഖലകളിലും ഇതിന്റെ ഫലം പ്രകടവുമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതോടെ പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളും ആശങ്കയിലാണ്. വിവിധ വാർഡുകളിൽ തൊഴിലുകൾ പുരോഗമിക്കുമ്പോഴാണ് കോടികളുടെ തട്ടിപ്പ് കണ്ടുപിടിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി ചെയ്യിപ്പിച്ചുവെന്നും പരാതി ഉയർന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ പണം തട്ടിയവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി ആവശ്യപ്പെട്ടു. മുഴുവൻ ജീവനക്കാരെയും ജനപ്രതിനിധികളെയും കളങ്കപ്പെടുത്തുന്ന അഴിമതിയാണ് നടന്നത്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പദ്ധതി നിർവഹണം നടത്തുന്ന സംവിധാത്തിനേറ്റ പ്രഹരമാണിത്. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരുടെ ആത്മവീര്യത്തിന് കൂടിയാണ് പോറലേറ്റത്. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അംബികാ ഷാജി ആവശ്യപ്പെട്ടു.
തട്ടിപ്പിൽ മറ്റു പഞ്ചായത്തുകളും?
'തൊണ്ടർനാട് മോഡൽ' ജില്ലയിലെ മറ്റ് ഗ്രാമ പഞ്ചായത്തുകളിലും നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനും തുടക്കം കുറിച്ച് കഴിഞ്ഞു. തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ നടന്ന കൊള്ളയെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് പൊതുവെയുളള ആവശ്യം. ചില ജീവനക്കാരുടെയും മെമ്പർമാരുടെയും വീടുകൾക്ക് മുമ്പിൽ കിണർ കുഴിച്ചതും വീടുകളിലേക്ക് കോൺക്രീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ കണക്കെങ്കിലും പരിശോധിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |