കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ച നടൻ വിനായകനെ പൊലീസ് രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് നൽകിയ പരാതിലാണ് നടപടി. ഇന്നലെ രാവിലെ 11ന് വിനായകൻ സൈബർ പൊലീസിൽ ഹാജരായി. ആധുനിക കവിത എന്ന നിലയിലാണ് പോസ്റ്റെെന്ന് വിനായകൻ മൊഴി നൽകി. വിനായകന്റെ ഫോൺ പരിശോധിച്ച പൊലീസ് കേസെടുക്കാനാവില്ലെന്ന നിലപാടിലാണ്. പരാതിക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ പരാമർശങ്ങൾ വിനായകന്റെ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.
വേടനെതിരെ
ലുക്കൗട്ട് നോട്ടീസ്
കൊച്ചി: ലൈംഗിക പീഡനക്കേസിനു പിന്നാലെ ഒളിവിൽപ്പോയ റാപ്പർ വേടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. വിദേശത്തേക്ക് കടക്കുന്നത് തടയാനാണിത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബുക്ക് ചെയ്തിരുന്ന സംഗീത പരിപാടികൾ വേടൻ റദ്ദാക്കിയത് വിദേശത്തേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. പുലിപ്പല്ല് കേസിൽ വേടൻ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും പിന്നീട് കോടതി ഉപാധികളോടെ തിരികെ നൽകുകയും ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം. പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ യുവ ഡോക്ടറാണ് പരാതിക്കാരി.
മർദ്ദനത്തിനിരയായ നാലാം
ക്ലാസുകാരി സ്കൂളിലെത്തി
ചാരുംമൂട്: നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ പിതാവിന്റെയും രണ്ടാനമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ നാലാം ക്ലാസുകാരി ഇന്നലെ സ്കൂളിലെത്തി. അമ്മൂമ്മയോടൊപ്പം സ്കൂൾ ബസിലാണ് എത്തിയത്. ഇരുവരെയും അദ്ധ്യാപകർ സ്റ്റാഫ് റൂമിൽ കൊണ്ടിരുത്തി. തുടർന്ന് കുട്ടിയെ ക്ലാസ് റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയോടെ അമ്മൂമ്മ മടങ്ങി. ഉച്ചഭക്ഷണം സ്കൂളിൽ നിന്നായിരുന്നു. കുട്ടി സ്കൂൾ ബസിൽ തന്നെ വീട്ടിലേക്കും പോയി. എത്തിയെന്ന് അദ്ധ്യാപകർ അമ്മൂമ്മയെ വിളിച്ചു ഉറപ്പാക്കുകയും ചെയ്തു. അതേസമയം, ഇന്ന ഉച്ചയോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണത്തിന് സ്കൂളിലെത്തി. പ്രധാനാദ്ധ്യാപിക സഫീനയുടെ മൊഴിയെടുത്തു.
അതുല്യയുടെ മരണം:
അമ്മയുടെ മൊഴി ഇന്നെടുക്കും
കൊല്ലം: തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ അതുല്യയുടെ അമ്മയുടെ മൊഴി ഇന്ന് ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തി രേഖപ്പെടുത്തും. മുൻകൂർ ജാമ്യം ലഭിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
അതുല്യയുടെ ബന്ധുക്കളിൽ നിന്ന് പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം സതീഷിനെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ ആലോചന. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |