തൃശൂർ: ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി ഉയർത്തിക്കൊണ്ടുവന്ന വോട്ടുകൊള്ള ആരോപണം വിവാദമായിരിക്കേ, തൃശൂരിലെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചും കള്ളവോട്ട് ചേർത്തെന്ന് വെളിപ്പെടുത്തൽ.
തൃശൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഇടതു മുന്നണിയും കോൺഗ്രസും ഉന്നയിക്കുന്നതിനിടെയാണ്, തെളിവുകളടക്കം ഫ്ളാറ്റുടമ രംഗത്തെത്തിയത്. വാടക ചീട്ട് മറയാക്കി പൂങ്കുന്നം ക്യാപ്പിറ്റൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഒമ്പത് കള്ളവോട്ട് ചേർത്തെന്ന് ഉടമ പ്രസന്ന അശോകൻ പറഞ്ഞു. സമീപത്തെ ഫ്‌ളാറ്റുകളിലും കള്ളവോട്ട് ചേർത്തു. ടോപ് പാരഡൈസ്, സിഡ്ബി ചൈത്രം എന്നിവിടങ്ങളിൽ 45 വോട്ടാണ് അധികമായി ചേർത്തത്. ആലത്തൂർ മണ്ഡലത്തിലുള്ളവരുടെ പേരുകളും ഈ ഫ്‌ളാറ്റുകളിലെ വോട്ടർ പട്ടികയിൽ ചേർത്തിരുന്നു.
പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂൾ ബൂത്ത് നമ്പർ 30ൽ വോട്ടറാണ് പ്രസന്ന. നാല് വർഷമായി പൂങ്കുന്നം ആശ്രമം ലെയ്ൻ ക്യാപിറ്റൽ വില്ലേജ് ബ്ലോക്ക് നാല് സി ഫ്‌ളാറ്റിൽ താമസിക്കുകയാണ്. ഭർത്താവിനും മകനും മരുമകൾക്കും പൂച്ചുന്നിപ്പാടത്താണ് വോട്ട്. അവരുടെ വോട്ട് പൂങ്കുന്നത്തേക്ക് മാറ്റാമെന്ന് പറഞ്ഞു വന്നവരാണ് വാടക ചീട്ട് വാങ്ങിക്കൊണ്ടുപോയത്. കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ വോട്ടേഴ്‌സ് സ്ലിപ് വിതരണത്തിനെത്തിയപ്പോഴാണ് സ്വന്തം മേൽ വിലാസത്തിൽ ഒമ്പത് പേരെ ഉൾപ്പെടുത്തിയതായി തിരിച്ചറിഞ്ഞത്.വന്നവരെ അറിയില്ല.
പൂങ്കുന്നം ഹരിശ്രീ വിദ്യാനികേതൻ സ്‌കൂൾ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരെ സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായതായി അറിഞ്ഞിരുന്നു. അനധികൃതമായി വോട്ടർമാരെ ചേർത്തെന്ന പരാതിയുമായി കോൺഗ്രസ് നേതാക്കളെത്തിയപ്പോൾ, പേരുചേർക്കപ്പെട്ടവരെ അറിയില്ലെന്നും കുടുംബാംഗങ്ങൾ നാല് പേരേയുള്ളൂവെന്നും തനിക്ക് മാത്രമാണ് പൂങ്കുന്നത്ത് വോട്ടുള്ളതെന്നും വ്യക്തമാക്കി ഒപ്പിട്ടു കൊടുത്തു. കളക്ടർക്ക് പരാതി നൽകിയെങ്കിലും, അന്തിമ വോട്ടർ പട്ടിക നിലവിൽ വന്നതിനാൽ വോട്ട് ചെയ്യാനെത്തിയവരെ തടയാനാവില്ലെന്നായിരുന്നു
മറുപടി.
വോട്ടേഴ്‌സ് സ്ലിപ് കൊടുക്കാൻ ചെന്നപ്പോൾ പ്രസന്ന അശോകൻ ഉൾപ്പെടെ ഒരേ വിലാസത്തിൽ പത്ത് പേര് കണ്ടെത്തിയിരുന്നുവെന്ന് യു.ഡി.എഫ് ബൂത്ത് പ്രസിഡന്റ് വി.കെ.അനിൽ പറഞ്ഞു. വോട്ടെടുപ്പിന്റെ 20 ദിവസം മുമ്പാണ് വോട്ടേഴ്‌സിന്റെ അഡിഷണൽ ലിസ്റ്റ് കൈയിൽ കിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |