കൊച്ചി: ജഡ്ജിക്കെതിരെ പരാതി നൽകിയെന്ന് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിന് ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തി. ഒരു മാസത്തിനകം ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക അടയ്‌ക്കണം. അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട കേസ് അഭിഭാഷകനില്ലാതെ ഹർജിക്കാരൻ നേരിട്ട് വാദിക്കുകയായിരുന്നു. വാദത്തിനിടെ, മുമ്പൊരു കേസിൽ ഇതേ ബെഞ്ച് തനിക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും ഈ ബെഞ്ച് കേസ് പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാകണമെന്നും ആവശ്യപ്പെട്ടു.
മറ്റൊരു കേസിലും ഇതേ ബെഞ്ച് മുമ്പാകെ ഹർജിക്കാരൻ ഈ ആവശ്യം
ഉന്നയിച്ചെങ്കിലും അന്ന് നടപടിയെടുത്തില്ലെന്ന് കോടതി പറഞ്ഞു. ചട്ടപ്രകാരം കേസ് കേൾക്കുന്ന ജഡ്ജിയോട് ഒഴിവാകാൻ ആവശ്യപ്പെടാൻ കക്ഷിക്ക് കഴിയില്ല. അനുവദിച്ചാൽ, കേസ് പരിഗണിക്കേണ്ട ജഡ്ജിയെ സ്വയം തെരഞ്ഞെടുക്കാമെന്ന സ്ഥിതിയുണ്ടാകും. ഈ രീതി പതിവാക്കിയ ആളാണ് ഹർജിക്കാരനെന്നും,
കോടതിയെയാണ് ഭീഷണിപ്പെടുത്തുന്നതെന്നും വ്യക്തമാക്കി പിഴ സഹിതം ഹർജി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |