തൃശൂർ: സംസ്ഥാന സർക്കാർ സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു. സമാശ്വാസം പദ്ധതിക്കായി ആറ് കോടിയുടെയും സ്‌നേഹസ്പർശം പദ്ധതിക്കായി ഒന്നരക്കോടി രൂപയുടെയും ഭരണാനുമതിയ്ക്കാണ് ഉത്തരവായത്. വൃക്ക തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ വിഭാഗക്കാരായ രോഗികൾക്ക് സമാശ്വാസം ഒന്ന് പദ്ധതി പ്രകാരം പ്രതിമാസം 1,100 രൂപ നിരക്കിൽ ചികിത്സാസഹായം ലഭിക്കും. വൃക്ക /കരൾ രോഗങ്ങൾ ബാധിച്ച് അവയവങ്ങൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുളളവരിൽ ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി അഞ്ച് വർഷം വരെ പ്രതിമാസം ആയിരം രൂപ നിരക്കിൽ സഹായം അനുവദിക്കും. ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവർക്ക് പ്രതിമാസം ആയിരം രൂപ നിരക്കിലും അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപെട്ട ബി.പി.എൽ വിഭാഗക്കാരായവർക്ക് പ്രതിമാസം 2000 രൂപ നിരക്കിലും ധനസഹായം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |