കാസർകോട്: കാണാതായ താലിമാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാസർകോട് പൊയ്‌നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം ഗീതയും ഭർത്താവും. ഇന്നലെയാണ് ദിവസങ്ങൾക്ക് മുൻപ് കാണാതായ മാല വീട്ടിന്റെ വരാന്തയിൽ കണ്ടെത്തിയത്. കൂടെ ഒരു കത്തും ഉണ്ടായിരുന്നു. 'ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് ഒമ്പത് ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ. കുറേ ആലോചിച്ചു, എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്നുള്ള സന്ദേശം വാട്സാപിൽ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതൽ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്' - എന്നാണ് കത്തിൽ എഴുതിയിരുന്നത്.
ഈ മാസം നാലാം തീയതി വെെകിട്ട് പൊയ്‌നാച്ചിയിൽ നിന്ന് പറമ്പയിലേക്ക് റിട്ട. റവന്യു ഉദ്യോഗസ്ഥനായ ഭർത്താവ് വി ദാമോദരനൊപ്പം ബസിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് 36 ഗ്രാമുള്ള മാല നഷ്ടമായതായി അറിയുന്നത്. പിന്നാലെ മേൽപറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് പൊതുജനകൂട്ടായ്മാ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം കെെമാറി. ഇന്നലെ രാവിലെ 10.30നാണ് വീട്ടിലെ വരാന്തയിൽ മാലയും കത്തും കണ്ടത്. കത്തിന് താഴെ സമീപത്തെ സ്ഥലമായ 'കുണ്ടംകുഴി' എന്നും എഴുതിയിട്ടുണ്ട്. '27 വർഷമായി ഈ മാല ഞാൻ കഴുത്തിൽ നിന്ന് അഴിച്ചിട്ടില്ല. ആരാണ് ഇത് വച്ചതെന്ന് അറിയില്ല. വച്ച ആളെ കണ്ടിരുന്നുവെങ്കിൽ കഴിയുന്ന സഹായം ചെയ്യുമായിരുന്നു. മാല ലഭിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്' - ഗീത മാദ്ധ്യമത്തോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |