കാമുകിയെ കാണാൻ തോന്നുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ അർദ്ധരാത്രി കാമുകിയെ കാണാൻ ചെന്ന് വീട്ടുകാരുടെ മുന്നിൽപ്പെട്ടാലുള്ള അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇരുട്ടത്ത് യുവാവ് കാമുകിയുടെ വീട്ടിലേക്ക് നുഴഞ്ഞുകയറുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. രഞ്ജീത് സിംഗ് (@ranjeet__singh_60) എന്നയാളാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. കാമുകിയെ കാണാനുള്ള ആഗ്രഹത്തിൽ വീട്ടിലേക്ക് കയറി. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ കൈയോടെ പിടികൂടി. അവിടംകൊണ്ടും തീർന്നില്ല.
രാവിലെ ആയപ്പോഴേക്കും പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ വീട്ടിലെത്താൻ തുടങ്ങി. ഉടൻ വിവാഹിതരാകണം എന്ന നിർദേശമായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന് നൽകിയത്. പെൺകുട്ടി യുവാവിന്റെ നെറ്റിയിൽ തിലകം ചാർത്തുന്നതും വീഡിയോയിൽ കാണാം. യുവാവ് കാമുകിക്ക് സിന്ദൂരം ചാർത്തിക്കൊടുക്കുന്നു. എന്നാൽ യുവാവിന്റെ മുഖത്ത് സന്തോഷമായിരുന്നില്ല, മറിച്ച് ഞെട്ടലായിരുന്നു. ഇതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ഉടലെടുത്തത്.
മൂന്ന് കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്‌ക്ക് വന്നത്. കാമുകിയുമായി സമയം ചെലവഴിക്കുക മാത്രമായിരുന്നു യുവാവിന്റെ ഉദ്ദേശം, വിവാഹം കഴിക്കാൻ അയാൾ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. 'ഒരു പെൺകുട്ടിയുടെ വീട്ടിലേക്ക് നുഴഞ്ഞുകയറുമ്പോൾ ആലോചിക്കണമായിരുന്നു', 'പ്രണയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതും ജിമ്മിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് ആരോഗ്യത്തിന് നല്ലത്'- എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ഈ സംഭവം എവിടെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |