തിരുവനന്തപുരം: കാണാനില്ലെന്ന പരാതികൾക്കും ബിജെപിയിൽ നിന്ന് രാജിവച്ചോയെന്ന പരിഹാസങ്ങൾക്കുമിടെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്.
'2025 ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി, 50 ലക്ഷം രൂപയുടെ സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് നൽകാൻ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവ് നൽകി. ദേശീയ-അന്തർദേശീയ തലത്തിൽ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും വിനോദസഞ്ചാര സാദ്ധ്യതകളും ഉയർത്തിക്കാട്ടുന്ന ഈ വള്ളംകളി മഹോത്സവം, കേരളത്തിന് സാമ്പത്തിക നേട്ടവും വിനോദസഞ്ചാര വളർച്ചയും സമ്മാനിക്കുമെന്നു ഉറപ്പ്'- എന്നാണ് സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്.
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിനുശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്ന തരത്തിൽ നിരവധിപ്പേർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമമായി വോട്ടുകൾ ചേർത്തെന്ന ആക്ഷേപം ഉയർന്നതിൽ തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോയെന്ന് പേടിച്ചായിരിക്കും തൃശൂർ എംപിയായ സുരേഷ് ഗോപിയെ കഴിഞ്ഞ ഒരുമാസമായി കാണാനില്ലാത്തതെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണ്. സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവച്ചുപോയോ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കണമെന്നും വാർത്താസമ്മേളനത്തിൽ വി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാട്ടി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിനുശേഷം കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ് ഓർത്തഡോക്‌സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്തയും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |