കൊച്ചി: എം.എസ്.സി എൽസ -3 അപകടത്തെ തുടർന്ന് മത്സ്യബന്ധനം തടസപ്പെട്ടതിനാൽ 2.60 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാലു ബോട്ടുടമകൾ ഹൈക്കോടതിയിൽ അഡ്മിറാൽറ്റി സ്യൂട്ട് ഫയൽ ചെയ്തു. ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. ഈശ്വരൻ, വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം.വി എം.എസ്.സി പലേർമോ എന്ന കപ്പൽ അറസ്റ്റ് ചെയ്തിടാൻ ഉത്തരവിട്ടു. ഹർജിക്കാർ ആവശ്യപ്പെടുന്ന തുക കോടതിയിൽ കെട്ടിവച്ചാൽ കപ്പൽ വിട്ടയയ്‌ക്കാമെന്ന നിബന്ധനയോടെയാണ് ഉത്തരവ്.
ബോട്ടുടമകളായ ആലപ്പുഴ സ്വദേശി ഷാജി, എറണാകുളം സ്വദേശികളായ ടി.ജി. വേണു, പുരുഷോത്തമൻ, ടി.ബി. സതീശൻ എന്നിവരാണ് ഹർജിക്കാർ.
ഒരോരുത്തരും യഥാക്രമം 1.30 കോടി, 59.86 ലക്ഷം, 35.08 ലക്ഷം, 34.79 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. കപ്പലപകടത്തിന് ശേഷം ബോട്ടുടമകൾ നഷ്ടപരിഹാരം തേടി അഡ്മിറാൽറ്റി സ്യൂട്ട് ഫയൽ ചെയ്യുന്നത് ആദ്യമായാണ്.
കപ്പലവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും മത്സ്യബന്ധനത്തിന് തടസമായെന്ന് ഹർജിയിൽ പറയുന്നു. ജൂൺ 30 ന് കൊച്ചി തീരത്തെ മത്സ്യബന്ധനത്തിനിടയിൽ കണ്ടെയ്‌നറിൽ കുടുങ്ങി വല നശിച്ചു. ഇരുമ്പ് ചങ്ങലയും കയറുമടക്കം കടലിൽ നഷ്ടപ്പെട്ടതിനാൽ പിൻവാങ്ങേണ്ടി വന്നു.
കോസ്റ്റൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് ഹൈക്കോടതിയിലെത്തിയതെന്ന് ഹർജിക്കാർ വിശദീകരിച്ചു. ഹർജിയിൽ പിന്നീട് വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |