കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനായി നറുക്കെടുപ്പ് നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ അനുമതി. അഭിമുഖം നടത്തിയതിലും മാർക്ക് നൽകിയതിലും സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. 18നാണ് നറുക്കെടുപ്പ്.
കഴിഞ്ഞ 3,4 തീയതികളിലായി ബോർഡ് ആസ്ഥാനത്തായിരുന്നു അഭിമുഖം. ശബരിമല മേൽശാന്തിക്കായുള്ള ചുരുക്കപ്പട്ടികയിൽ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുള്ളത്.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ പാലിച്ച് പരാതിരഹിതമായാണ് അഭിമുഖം നടന്നതെന്ന് നിരീക്ഷകൻ റിപ്പോർട്ട് നൽകി. നടപടിക്രമങ്ങളുടെ വീഡിയോയും മാർക്ക്‌ലിസ്റ്റും ചുരുക്കപ്പട്ടികയും ദേവസ്വം ബോർഡ് സ്റ്റാൻഡിംഗ് കോൺസൽ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കി.
നറുക്കെടുപ്പ് നടക്കുമ്പോൾ സോപാനത്തേക്ക് സ്പെഷ്യൽ കമ്മിഷണർ, ദേവസ്വം ബോർഡ് പ്രസിഡന്റ് (അല്ലെങ്കിൽ ഒരു പ്രതിനിധി), ദേവസ്വം കമ്മിഷണർ, നിരീക്ഷകൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ എന്നിവർക്ക് മാത്രമാകും പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |