ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രക്ഷുബ്ധമായതിനെത്തുടർന്ന് ഇരുസഭകളും പല തവണ നിറുത്തിവച്ചു. ഇതിനിടെ പ്രതിഷേധം അവഗണിച്ച് നിർണായക ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്ന നടപടി കേന്ദ്ര സർക്കാർതുടർന്നു. ഇതിൽ പ്രതിഷേധിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ എം.പിമാർ അദ്ധ്യക്ഷന്റെ ഇരിപ്പിടത്തിലേക്ക് ബില്ലുകളുടെ പകർപ്പ് കീറിയെറിഞ്ഞു. ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ പുതുക്കിയ ആദായ നികുതി ബിൽ, നികുതി ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ബിൽ എന്നിവ രാജ്യസഭ പാസാക്കി. ആണവ ലവണങ്ങളുടെ ഖനനവുമായി ബന്ധപ്പെട്ട ബില്ലും തുറമുഖ ബില്ലും ലോക്‌സഭയും പാസാക്കി. ഇൻസോൾവൻസി, പാപ്പരത്ത ബിൽ അവതരിപ്പിച്ച ശേഷം സെലക്‌ട് കമ്മിറ്റിക്ക് വിട്ടു. ധനബിൽ ആയതിനാൽ ആദായ നികുതി, നികുതി ബിൽ എന്നിവ ലോക്‌സഭയ്‌ക്ക് തിരിച്ചയച്ചു.
രാവിലെ ചേർന്നപ്പോൾ പ്രതിപക്ഷം പ്ളക്കാർഡുകളേന്തി നടുത്തളത്തിൽ ബഹളം തുടങ്ങിയതോടെ രാജ്യസഭ രണ്ടുവരെയും ലോക്‌സഭ 12 വരെയും നിറുത്തിവച്ചു. 12നാണ് ലോക്‌സഭയിൽ ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങിയത്. സ്‌പീക്കർ ഓം ബിർളയുടെ പ്രസ്‌താവന കഴിഞ്ഞതും പ്രതിപക്ഷം ബഹളം തുടങ്ങി. മൂന്നിന് വീണ്ടും ചേർന്ന സഭ, ബഹളത്തിനിടെ തുറമുഖ ബിൽ പാസാക്കിയ ശേഷം 4.30വരെ നിറുത്തിവച്ചു.പിന്നീടാണ് ഖനന ബിൽ പാസാക്കിയതും ഇൻസോൾവൻസി, പാപ്പരത്ത ബിൽ അവതരിപ്പിച്ചതും ശേഷം സെലക്‌ട് കമ്മിറ്റിക്ക് വിട്ടതും.
പ്രതിപക്ഷ ബഹളത്തിനിടെ ഖനന ബിൽ ചർച്ചയിൽ ഭരണപക്ഷ എം.പിമാർ മാത്രമാണ് പങ്കെടുത്തത്. അവരുടെ പ്രസംഗം നീണ്ടതിൽ പ്രകോപിതരായാണ് പ്രതിപക്ഷ എം.പിമാർ ബില്ലുകളുടെ പകർപ്പ് കീറിയെറിഞ്ഞത്. അച്ചടക്ക ലംഘനം നടത്താൻ ഉപനേതാവായ ഗൗരവ് ഗോഗോയ് നിർദ്ദേശിച്ചെന്ന് സഭ നിയന്ത്രിച്ച ബി.ജെ.പി എം.പി ജഗദംബിക പാൽ കുറ്റപ്പെടുത്തി. കടലാസ് കീറിയെറിഞ്ഞവരുടെ പേരുകൾ മാർഷൽമാർ എഴുതിയെടുത്തു.
ആദായ നികുതി
ബിൽ നിയമമാകും
പാർലമെന്റിൽ പാസായതോടെ രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനമിറങ്ങിയാൽ പുതിയ ആദായ നികുതി നിയമം നിലവിൽ വരും. സെലക്‌ട് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് പുതുക്കിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ആശയക്കുഴപ്പമില്ലാതെ ലളിതമായി നികുതി റിട്ടേൺ നൽകാൻ സംവിധാനം, അസസ്‌മെന്റ് വർഷത്തിന് പകരം നികുതി വർഷം,തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ,റിട്ടേൺ വൈകിയാലും റീഫണ്ട്,ഭവന പദ്ധതികളിൽ നിന്നുള്ള വരുമാനത്തിന് ടി.ഡി.എസ്, പലിശ ഡിഡക്ഷൻ തുടങ്ങിയവ ബില്ലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |