കൊച്ചി: 10 ലക്ഷം രൂപയ്ക്ക് രണ്ട് കിലോ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയായ ജ്വല്ലറി ഉടമയിൽ നിന്ന് പണം തട്ടിയ ദമ്പതികൾക്കായി കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കളമശേരിയിൽ വച്ചായിരുന്നു സ്വർണയിടപാട്.
മുക്കുപണ്ടം നൽകി പണം കൈക്കലാക്കിയ ശേഷം ദമ്പതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇരുവർക്കും 50 വയസിനുമേൽ പ്രായമുണ്ട്. 15 ദിവസം മുമ്പാണ് തട്ടിപ്പിന്റെ തുടക്കം. പ്ലാസ്റ്റിക് ചെടികൾ വിൽക്കുന്ന കച്ചവടക്കാരനായാണ് തട്ടിപ്പുകാരൻ ജ്വല്ലറി ഉടമയെ സമീപിച്ചത്. തുടക്കത്തിൽ ഇടപാടിന് താത്പര്യം കാണിക്കാതിരുന്ന ഉടമ, ഇയാൾ സാമ്പിളായി നൽകിയ യഥാർത്ഥ സ്വർണം പരിശോധിച്ചതോടെ വിശ്വാസത്തിലായി.
രണ്ട് കിലോ സ്വർണാഭരണം 10 ലക്ഷം രൂപയ്ക്ക് വാങ്ങാൻ ഇവർ തമ്മിൽ ധാരണയായി. കഴിഞ്ഞ ദിവസം തട്ടിപ്പുകാരൻ ഭാര്യയോടൊപ്പം വന്ന് ഇടപാട് ഉറപ്പിച്ചു. ഭാര്യയെക്കൂടി കണ്ടതോടെ ഇത് യഥാർത്ഥ കച്ചവടമാണെന്ന് ജ്വല്ലറി ഉടമ വിശ്വസിച്ചു.
കാറിൽ വച്ച് മുക്കുപണ്ടം മാറ്റി
സുഹൃത്തിൽ നിന്ന് 10 ലക്ഷം രൂപ കടംവാങ്ങിയാണ് ഇദ്ദേഹം സ്വർണം വാങ്ങാൻ പോയത്. കാറിൽ വച്ചായിരുന്നു കൈമാറ്റം. ഇവിടെയും സ്വർണം പരിശോധിച്ചുറപ്പിച്ച ശേഷമാണ് പണം നൽകിയത്. എന്നാൽ, നിമിഷങ്ങൾക്കകം ദമ്പതികൾ സ്വർണാഭരണങ്ങൾ മാറ്റി മുക്കുപണ്ടം വച്ച് പണവുമായി കടന്നുകളയുകയായിരുന്നു.
ജ്വല്ലറിയിലെത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്. തുടർന്ന് ഇദ്ദേഹം കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകി. തട്ടിപ്പുകാരൻ ഹിന്ദിയിലും തമിഴിലുമായിരുന്നു സംസാരിച്ചതെന്ന് ജ്വല്ലറി ഉടമ കേരളകൗമുദിയോട് പറഞ്ഞു. ഇടത്തരം ജ്വല്ലറികളെ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |