കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സാന്ദ്രാ തോമസിന് തിരിച്ചടി. പ്രസിഡന്റ്, ട്രഷറർ, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് സമർപ്പിച്ച പത്രിക തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹർജി തള്ളിയത്. നാമനിർദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌താണ് സാന്ദ്ര കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നത്. വിധി വന്നതിന് പിന്നാലെ സാന്ദ്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
'വിധി നിരാശാജനകം, അപ്രതീക്ഷിതം, നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ഭാവി നടപടികൾ സ്വീകരിക്കും' - എന്നാണ് സാന്ദ്ര പറഞ്ഞത്. അസോസിയേഷനിൽ മൂല്യനിർണയം നടത്തിയ വരണാധികാരിയുടെ തീരുമാനം പക്ഷപാതപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര കോടതിയെ സമീപിച്ചത്. അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സൂക്ഷ്‌മപരിശോധനയ്‌ക്ക് ഒരു വരണാധികാരിയെ നിയമിക്കാം എന്ന് സംഘടനയുടെ നിയമാവലിയിൽ പറഞ്ഞിട്ടില്ലെന്നും നിയമാവലിയിൽ ഇല്ലാത്ത വരണാധികാരിയെ നിയമിച്ചതിനെയും കോടതിയിൽ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു.
യോഗ്യത കാണിക്കാൻ ആവശ്യമായ സിനിമകളുടെ എണ്ണം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. ഒമ്പത് സിനിമകൾ നിർമിച്ചിട്ടുണ്ടെന്നാണ് സാന്ദ്രയുടെ വാദം. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴ് സിനിമകളും സ്വന്തം ബാനറിൽ രണ്ടും. എന്നാൽ, നിർമാതാവ് എന്ന നിലയിൽ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. സാന്ദ്ര നൽകിയ മൂന്ന് സർട്ടിഫിക്കറ്റുകളിൽ അവസാനത്തേത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതാണെന്നും അത് പരിഗണിക്കാനാകില്ലെന്നും വരണാധികാരി പറഞ്ഞു. എതിർത്തപ്പോൾ സാന്ദ്രയ്‌ക്ക് കോടതിയെ സമീപിക്കാമെന്നായിരുന്നു വരണാധികാരിയുടെ നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |