തിരുവനന്തപുരം: കാട്ടു പന്നിക്ക് വച്ച കെണിയിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. അമ്പൂരിയിലാണ് കഴിഞ്ഞ ദിവസം കാട്ടു പന്നിയുടെ കെണിയിൽ പുലി 18 മണിക്കൂറിലേറെ കുടുങ്ങി കിടന്നത്. സംഭവത്തിൽ കെണി വച്ചതിനാണ് നെയ്യാർ അസിസ്റ്രന്റ് വൈൽഡ് ലൈഫ് വാർഡൻ വന കുറ്രകൃത്യം ചുമത്തി കേസെടുത്തത്. കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല.
തൊടുമല കാരിക്കുഴി കോഴിക്കണ്ടം മലയുടെ അടിവാരത്ത് ടി.ഷൈജുവിന്റെ പുരയിടത്തിലാണ് വെള്ളിയാഴ്ച മൂന്നര വയസുള്ള പെൺ പുലിയെ കണ്ടെത്തിയത്. മയക്കു വെടിവച്ച് പുലിയെ നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ചിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെ പിറ്റേന്ന് രാവിലെയാണ് പുലി ചത്തത്.
രണ്ട് വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു പുലിയെ കെണിയിൽ കണ്ടെത്തിയത്. കരൾ, വൃക്ക തുടങ്ങിയ ആന്തരീകാവയവങ്ങൾക്കും സാരമായി പരിക്ക് പറ്റിയിരുന്നു.
സ്ഥലത്ത് വനംവകുപ്പിന്റെ പരിശോധന നടക്കുകയാണ്. കെണിവയ്ക്കാനുള്ള സാഹചര്യമുൾപ്പെടെയാണ് പരിശോധിക്കുന്നത്. കേസെടുത്തത് പ്രാഥമിക നടപടിയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ പിടികൂടുന്ന വന്യ മൃഗങ്ങൾ നിരീക്ഷണത്തിലിരിക്കെ ചാകുന്നതും ഇതാദ്യമല്ല. പുലി ചത്തതിന് പിന്നാലെ വിശദമായ അന്വേഷണം നടത്താനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |