സസ്‌തനികളിൽ ഏറ്റവും വലിയവയാണല്ലോ തിമിംഗലങ്ങൾ. അവയുടെ കൂട്ടത്തിലെ ഏറ്റവും വലിയവയാണ് ലോകത്തിലെ വമ്പനായ നീലത്തിമിംഗലങ്ങൾ. പങ്കാളികളുമായി ആശയവിനിമയം നടത്താനും ഇണകളെ കണ്ടെത്താനുമെല്ലാം ഇവ പ്രത്യേക ആവൃത്തിയിൽ പാട്ടുകൾ പാടാറുണ്ട്. പലപ്പോഴും നല്ലരീതിയിൽ ആഹാരം കണ്ടെത്തുന്നതെല്ലാം ഇവ പങ്കാളികളെ അറിയിക്കാൻ പാട്ടുകൾ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇപ്പോഴിതാ പുതിയ പഠനങ്ങൾ അനുസരിച്ച് നീലത്തിമിംഗലങ്ങളുടെ പാട്ടുകൾ കുറഞ്ഞുവരുന്നതായാണ് വിവരം. കരയിലെ വിവിധ ജീവികളുടേതിന് സമാനമായ ശബ്ദങ്ങൾ തിമിംഗലങ്ങൾക്ക് കേൾപ്പിക്കാൻ സാധിക്കും. ഇങ്ങനെ ശബ്‌ദം കേൾപ്പിക്കുമ്പോൾ 10 കിലോമീറ്റർ അകലെയുള്ള മറ്റൊരു തിമിംഗലത്തിന് വരെ ഇത് കേൾക്കാൻ കഴിയും. വിവിധയിടങ്ങളിൽ ഇരയെ കണ്ടെത്താനും അവയെ ഭക്ഷിക്കാനുമുള്ള മാർഗം കൂടിയാണ് പാട്ടുകൾ.
2015 മുതൽ 2021 വരെ നടത്തിയ പഠനങ്ങളിൽ നീലതിമിംഗലങ്ങളുടെ പാട്ട് കുറഞ്ഞ് അവ നിശബ്ദരായിട്ടുണ്ട്. കാരണം ഇവ കൂടുതൽ സമയവും ഇരതേടുന്നതാണ്. ഇതിനുള്ള കാരണമാകട്ടെ ആഗോളതാപനത്തിലെ വർദ്ധനവും നമ്മൾ മനുഷ്യർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നവുമാണ്. വാഹനങ്ങൾ ഏറുമ്പോൾ അവയിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ അവശിഷ്‌ടം അത്രത്തോളം അന്തരീക്ഷത്തിലെത്തുന്നുണ്ട്. ഇത് അന്തരീക്ഷത്തിന്റെ ചൂട് വർദ്ധിപ്പിക്കും. പ്രധാനമായും ക്രീൽ എന്ന ചെമ്മീൻ വർഗത്തിൽപെട്ട ജീവിയെ ഭക്ഷിക്കുന്ന ജന്തുവായ നീലതിമിംഗലങ്ങൾക്ക് ഇത് കടലിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കും. കാരണം കടൽ ചൂടാകുന്നത് തീവ്രമായ സമുദ്രതാപ തരംഗങ്ങൾ ഉണ്ടാക്കും അതുവഴി ക്രീലുകൾ കൂട്ടത്തോടെ ചത്തുപോകാൻ ഇടയാകും.
കടലിൽ താപനില വർദ്ധിക്കുമ്പോൾ വിഷം അടങ്ങിയ ആൽഗേകളുടെ വർദ്ധനവ് കടലിലുണ്ടാകും. ഇത് ചില ജീവികൾ ചത്തുപോകാൻ ഇടയാക്കും. അതും നീലത്തിമിംഗലത്തിന് ഭക്ഷണം ലഭിക്കാത്ത സ്ഥിതിവരുത്തുന്നുണ്ട്. എന്നാൽ ഈ ആറ് വർഷത്തെ പഠനത്തിൽ കൂനൻ തിമിംഗലം എന്ന വിഭാഗത്തിന് പക്ഷെ പാട്ടിന് കുറവുണ്ടായിട്ടില്ല. കാരണം ഇവയ്‌ക്ക് മറ്റ് തിമിംഗലങ്ങളെപ്പോലെ ക്രീലുകളെ മാത്രമല്ല, മത്സ്യങ്ങളെയും യഥേഷ്‌ടം കഴിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |