ന്യൂഡൽഹി: ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി. പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി മൂന്ന് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ബീഹാറിൽ 65 ലക്ഷം വോട്ടർമാരെയാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്.
കരട് പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്താനും പേരുവിവരങ്ങൾ ജില്ലാതലത്തിൽ പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ബൂത്ത് തിരിച്ച് പട്ടിക പ്രദർശിപ്പിക്കണമെന്നും അവരെ ഉൾപ്പെടുത്താത്തതിന്റെ കാരണവും പട്ടികയിൽ പ്രദർശിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്നും ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി 'ഇന്ത്യ" മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നീക്കം ചെയ്‌ത 65 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ കമ്മിഷൻ വെളിപ്പെടുത്തുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. കൂടുതൽ വാദം കേൾക്കാൻ ഹർജി ഇനി ഓഗസ്റ്റ് 22ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |