ന്യൂഡൽഹി: റോഡുപണി തീർക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കുന്ന ദേശീയപാത അതോറിട്ടിയെ കുടഞ്ഞ് സുപ്രീംകോടതി. ടോൾ പിരിവ് തടഞ്ഞ കേരള ഹൈക്കോടതി നടപടിയിൽ ഇടപെടില്ലെന്ന് സൂചന നൽകിയാണ് നിശിത വിമർശനം. ഇവിടത്തെ റോഡിന്റെ അവസ്ഥ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
മോശം റോഡുകൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസും മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രനുമടങ്ങിയ ബെഞ്ച് ചോദിച്ചു. ടോൾ പിരിച്ചിട്ട് ജനത്തിന് സേവനം നൽകുന്നില്ല. വൻ ഗതാഗത കുരുക്കാണ് അവിടെ. കുപ്പിക്കഴുത്ത് പോലുള്ള ഇടങ്ങളുമുണ്ട്. ആംബുലൻസിന് പോലും കടന്നുപോകാൻ സാധിക്കില്ല.
ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്റ്റേ തേടിയാണ് അതോറിട്ടി സുപ്രീംകോടതിയിലെത്തിയത്. ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ച് സമയം കളയുന്നതിനു പകരം റോഡ് നേരെയാക്കൂവെന്ന് കോടതി ഉപദേശിച്ചു.
ഹർജി തള്ളാൻ മുതിർന്നതോടെ എൻ.എച്ച്.എ.ഐയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ദേശീയപാത അതോറിട്ടിക്ക് തർക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ തങ്ങളും ഹർജി സമർപ്പിച്ചതായി കരാർ കമ്പനിയും ചൂണ്ടിക്കാട്ടി. ഇതോടെ, വിഷയം തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
ജനം വലയുന്നു
പാലിയേക്കരയിൽ സർവീസ് റോഡുകളുടെയും നില പരിതാപകരമാണെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിരീക്ഷിച്ചു. ഗതാഗതക്കുരുക്കിൽ ജനം വലയുന്നു. ടോൾ ബൂത്തിലെ കുരുക്ക് കാരണം ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത വ്യവസായി പ്രതിഷേധമുയർത്തിയ സംഭവവും ഓർമ്മപ്പെടുത്തി.
പൊതുതാത്പര്യ ഹർജിയിൽ, ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്ഥയും കണക്കിലെടുത്തായിരുന്നു ഹൈക്കോടതി ഉത്തരവ്.
പ്രശ്നം 2.85 കി.മീയിൽ
മാത്രമെന്ന്
65 കിലോമീറ്റർ റോഡിലെ 2.85 കിലോമീറ്ററിലാണ് പ്രശ്‌നമെന്ന് അതോറിട്ടി അറിയിച്ചു. കവലകളിലാണ് (ഇന്റർസെക്ഷൻ) ഏറെ ബുദ്ധിമുട്ട്. പ്രശ്‌നപരിഹാരത്തിന് ഓവർബ്രിഡ്‌ജുകളും അണ്ടർപാസുകളും നിർമ്മിക്കുകയാണ്. അതിനാൽ ഈ മേഖലകളിലെ ദേശീയപാത ഉപയോഗിക്കാൻ കഴിയില്ല. സർവീസ് റോഡിനെ ആശ്രയിക്കുന്നതിനാൽ അവിടെ വൻ ഗതാഗത കുരുക്ക് രൂപപ്പെടുന്നു. ടോൾ പിരിവ് നിറുത്തിയതിന് കരാർ കമ്പനി തങ്ങളിൽ നിന്ന് നഷ്‌ടപരിഹാരം ചോദിക്കുമോയെന്നാണ് ആശങ്കയെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |