# പുറത്തായവർക്ക് ആധാർ
ഹാജരാക്കി പേരുചേർക്കാം
# പ്രതിപക്ഷ പോരാട്ടം
വിജയത്തിലേക്ക്
ന്യൂഡൽഹി: വോട്ടർപ്പട്ടിക ക്രമക്കേട് രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കൊണ്ടുവരുന്നതിനിടെ ഇലക്ഷൻ കമ്മിഷന് പ്രഹരമായി സുപ്രീം കോടതിയുടെ ഉത്തരവ്.
ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ധൃതിപിടിച്ച് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിട്ടു. ഓരോ വോട്ടറുടെ കാര്യത്തിലും എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് കാര്യകാരണ സഹിതം വ്യക്തമാക്കണം.
ഇങ്ങനെ ചെയ്യുന്നത് കമ്മിഷന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുകയേ ഉള്ളുവെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
'ഇന്ത്യ" മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും അടക്കം സമർപ്പിച്ച ഹർജികളിലാണ് പരമോന്നത കോടതിയുടെ ഇടപെടൽ.
അധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്നും നിർദ്ദേശിച്ചു. കമ്മിഷൻ അംഗീകരിച്ച പതിനൊന്ന് തിരിച്ചറിയൽ രേഖകളിൽ ആധാർ കാർഡ് ഉൾപ്പെടുത്തിയിരുന്നില്ല.
ആധാർ സ്വീകരിക്കുമെന്ന് പത്രപ്പരസ്യം നൽകാനും കോടതി നിർദ്ദേശിച്ചു.ഇതോടെ, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആധാർ നൽകി പട്ടികയിലിടം നേടാൻ അവസരമൊരുങ്ങി
ഒഴിവാക്കിയ 65 ലക്ഷം പേരുടെ പട്ടിക ബീഹാർ ചീഫ് ഇലക്‌ടറൽ ഓഫീസർ, ജില്ലാ ഇലക്‌ടറൽ ഓഫീസർമാർ എന്നിവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
പട്ടിക പ്രസിദ്ധീകരിച്ച വിവരം പ്രാദേശിക ഭാഷാ പത്രങ്ങളിലും ചാനലുകളിലും പരസ്യമെന്ന നിലയിൽ നൽകണം. കമ്മിഷന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലും പ്രചാരണം നൽകണം. നീക്കം ചെയ്യപ്പെട്ടവർക്ക് അക്കാര്യമറിയാനും നിയമപരമായി ചോദ്യം ചെയ്യാനും വേണ്ടിയാണിത്.
ബൂത്ത് അടിസ്ഥാനമാക്കിയാണ് ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്.
വോട്ടർ ഐ.ഡി നമ്പർ കൊടുത്താൽ വിവരങ്ങൾ ലഭ്യമാകണം.
പഞ്ചായത്ത് ഭവനുകളിലെ നോട്ടീസ് ബോർഡിലിടണം.
അതിനു ബൂത്ത് ലെവൽ ഓഫീസർമാർ നടപടിയെടുക്കണം.
അഞ്ചു ദിവസം മാത്രം
ആഗസ്റ്റ് 19ന് മുൻപ് നടപടികൾ പൂർത്തിയാക്കണം. ഉത്തരവു നടപ്പാക്കിയെന്ന് കാട്ടി റിപ്പോർട്ട് സമർപ്പിക്കണം. ആഗസ്റ്റ് 22ന് വിഷയം വീണ്ടും പരിഗണിക്കും.
ഒഴിവാക്കിയവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കുന്ന രീതിയില്ലെന്ന് ശക്തമായി നിലപാടെടുത്തിരുന്ന കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം തിരിച്ചടിയാണ്. അഞ്ചുദിവസം കൊണ്ട് ഉത്തരവ് നടപ്പാക്കേണ്ടതും വലിയ വെല്ലുവിളിയായി
ആധാറിൽ കോടതി
പഴയ നിലപാടിലേക്ക്
ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കലിൽ ആധാർ സ്വീകരിക്കണമെന്ന നിലപാടാണ് സുപ്രീംകോടതി തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായി എതിർത്തു. ആഗസ്റ്റ് 12ന് വാദം കേൾക്കുന്നതിനിടെ, ആധാർ കാർഡ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയല്ലെന്നുള്ള കമ്മിഷൻ നിലപാട് കോടതി ശരിവച്ചിരുന്നു. എന്നാൽ, ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പഴയ നിലപാടിലേക്ക് കോടതി തിരിച്ചുപോയി.
``സുപ്രീംകോടതി ഉത്തരവ് വോട്ടു മോഷ്ടാക്കൾക്കുള്ള വലിയ സന്ദേശം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്യായപ്രവൃത്തികൾ തുറന്നുകാട്ടുന്നത് തുടരും.``
-കെ.സി. വേണുഗോപാൽ എം.പി
എ.ഐ.സി.സി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |