ഓമനമൃഗങ്ങളും മനുഷ്യന്റെ സഹയാത്രികരുമാണ് നായകൾ. നാം സ്‌നേഹം നൽകുന്നതിനനുസരിച്ച് അത്രതന്നെ സ്‌നേഹം മടക്കിനൽകാനും നന്ദി കാണിക്കാനും അവയ്‌ക്ക് നന്നായറിയാം. വീട്ടുകാവലിന് നായകളെ വളർത്താത്തവർ കുറവാണ്. തെരുവിൽ കാണുന്ന നായ്‌ക്കൾ ഒരു സാമൂഹ്യപ്രശ്‌നമാണെങ്കിലും വീട്ടിൽ കൃത്യമായചിട്ടയോടെ വളർത്തുന്ന നായകൾ മുതൽകൂട്ടാണ്. ഇത്തരത്തിൽ വളർത്താവുന്ന ചില ഇനങ്ങൾ നല്ല ഒന്നാന്തരം വേട്ടക്കാരാണ്. അവയിൽ പാമ്പുകളെ വേട്ടയാടാൻ കഴിവുള്ള ചില ഇനങ്ങളെ പരിചയപ്പെടാം. കാഴ്‌ചയിൽ ചെറുതെങ്കിലും ഇവയുടെ വേട്ടയാടാനുള്ള കഴിവ് മികച്ചതാണ്.
ജർമ്മൻ പിഞ്ചർ
വേട്ടനായ്‌ക്കളുടെ വർഗമായ ടെറിയർ വിഭാഗത്തിൽ പെടുന്ന ഒരു മീഡിയം വലുപ്പമുള്ള നായയാണ് ജർമ്മൻ പിഞ്ചർ. തോൾവരെയുള്ള ഉയരം 45 മുതൽ 50 സെന്റീമീറ്ററാണ്. 14 മുതൽ 20 കിലോവരെ പരമാവധി ഭാരം. കുട്ടികളടങ്ങിയ കുടുംബങ്ങൾക്ക് ധൈര്യമായി വളർത്താവുന്നതാണ് ഇവയെ. പാമ്പുകളെ കണ്ടാൽ ഇവ വെറുതെവിടില്ല. കടിയേൽക്കാതെ അവയെ കീഴടക്കും.
ഡാഷ്‌ഹണ്ട്
കാഴ്‌ചയിൽ തീരെ കുഞ്ഞനാണെങ്കിലും ശൗര്യത്തിൽ ഒട്ടും പിന്നിലല്ല ഡാഷ്‌ഹണ്ടുകൾ. പരമാവധി 25 മുതൽ 32 സെന്റീമീറ്റർ വരെ മാത്രമാണ് ഉയരം. തങ്ങളുടെ പരിധിയിൽ പാമ്പുകൾ വന്നാലോ അഥവാ ഉടമകൾക്ക് പാമ്പിൽ നിന്ന് ഭീഷണിയുണ്ടായാലോ ഇവ ശൗര്യത്തോടെയെത്തി അവയെ ആക്രമിച്ച് കൊല്ലുന്നതിൽ മിടുക്കരാണ്.
ജാക്ക് റസ്സൽ ടെറിയർ
ബ്രൗൺ, വെള്ള നിറങ്ങൾ ചേർന്ന ഭംഗിയേറിയ ജാക്ക് റസ്സൽ ടെറിയർ നായ്‌ക്കളെ നമ്മുടെ നാട്ടിൽ വളർത്തുന്നവർ നിരവധിയുണ്ട്. ഇംഗ്ളണ്ടിൽ നിന്നും ഉത്ഭവിച്ച നായ ഇനമാണ് ജാക്ക് റസ്സൽ ടെറിയർ. വളരെയധികം ഉത്സാഹശാലികളായ ജാക്ക് റസ്സൽ ടെറിയർ നായകൾ വേട്ടനായ്‌ക്കളായാണ് ഉപയോഗിച്ചിരുന്നത്. ബാഡ്‌ജറുകൾ, കുറുക്കന്മാർ, മുയൽ എന്നിവയെ വേട്ടയാടാൻ ഇവ വിദഗ്ദ്ധരാണ്. പാമ്പുകളെയടക്കം എതിരിടുമ്പോൾ ഇവ പേടിയൊന്നുമില്ലാതെ അവയെ കീഴടക്കും.
റാറ്റ് ടെറിയർ
ഒരു നൂറ്റാണ്ടുമുൻപ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ഹൗസിലെ എലികളുടെ ശല്യം തീർത്തതുകൊണ്ടാണ് ഈ നായയെ റാറ്റ് ടെറിയർ എന്ന് പേര് നൽകിയത്. 25 മുതൽ 46 സെന്റീമീറ്റർ മാത്രം ഉയരംവയ്‌ക്കുന്ന ഇവ എലികളയും മറ്റ് കരണ്ടുതീനികളെയും മാത്രമല്ല പാമ്പുകളെയും ധൈര്യത്തോടെ നേരിടും. വീടിന് ഉതകുന്ന മികച്ച കാവൽക്കാരായി റാറ്റ് ടെറിയറുകളെ വളർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |