കൊച്ചി: താര സംഘടനയായ അമ്മയുടെ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ശ്വേത മേനോനെയും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനെയുമാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും വനിതകളാണ്. ലക്ഷ്മിപ്രിയ വൈസ് പ്രസിഡന്റും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയും .
ആകെ 50 അംഗങ്ങളുള്ള സംഘടനയിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ വലിയ ഇടിവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 357 പേരാണ് വോട്ടു ചെയ്യത്. പ്രസിഡന്റ് സ്ഥാനത്തേക്ക് 27 വോട്ടിനാണ് ശ്വേത മേനോൻ എതിർ സ്ഥാനാർത്ഥി ദേവനെ പരാജയപ്പെടുത്തിയത്. ശ്വേത മേനോൻ 159 വോട്ട് നേടിയപ്പോൾ ദേവന് 127 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരൻ 172 വോട്ട് നേടിയപ്പോൾ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ, 57 വോട്ടിന്റെ ഭൂരിപക്ഷം. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ 167 വോട്ടും അനൂപ് ചന്ദ്രൻ 108 വോട്ടും നേടി. വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട ജയൻ ചേർത്തലയ്ക്കും ലക്ഷ്മിപ്രിയക്കും യഥാക്രമം 267ഉം 139ഉം വോട്ട് ലഭിച്ചു.
എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് സരയു മോഹൻ (224), അഞ്ജലി നായർ (219), ആശ അരവിന്ദ് (221), നീന കുറുപ്പ് (218), കൈലാഷ് (257), സന്തോഷ് കീഴാറ്റൂർ (243), ടിനി ടോം (234), ജോയ് മാത്യു (225), വിനു മോഹൻ (220), ഡോ. റോണി ഡേവിഡ് രാജ് (213), സിജോയ് വർഗീസ് (189) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്. ഇതിൽ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. വനിതകളിൽ സജിതയും ജനറൽ വിഭാഗത്തിൽ നന്ദു പൊതുവാളും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |